യുക്രൈനില്‍ ആണവായുധ യുദ്ധത്തിനു തുനിയരുതെന്ന് റഷ്യയോട് ചൈന. അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈന് കൂടുതല്‍ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ആണവ നയം മാറ്റുമെന്ന് റഷ്യയുടെ വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ആണവയുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ പാടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിംഗ് ബീജിംഗിലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
തങ്ങള്‍ക്കുനേരെ കൂടുതല്‍ പാശ്ചാത്യരായ ശത്രുക്കളെത്തുന്നുവെന്ന് വിശദീകരിച്ചാണ് ആണവ നയങ്ങളില്‍ മാറ്റം വരുത്തിയേക്കുമെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റിയാബ്‌കോവിന്റ് സൂചന നല്‍കിയത്. രാജ്യത്തിനുനേരെ ആണവാക്രമണം ഉണ്ടാകുകയോ രാജ്യത്തിന്റെ നിലനില്‍പ്പിനാകെ ഭീഷണിയാകുന്ന ഒരു വലിയ ആക്രമണം ഉണ്ടാകുമ്പോഴേ ആണയാവുധം പ്രയോഗിക്കൂ എന്നാണ് റഷ്യയുടെ 2020ലെ ആണവനയം. ഇതില്‍ ഭേദഗതി വരുമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സൂചിപ്പിക്കുന്നത്.
2022 ജനുവരി 3 ന് ആണവയുദ്ധം തടയുന്നത് സംബന്ധിച്ച് അഞ്ച് ആണവായുധ രാജ്യങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നിവര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നതായി ചൈന റഷ്യയെ ഓര്‍മിപ്പിച്ചു. പരമാവധി സംയമനം പാലിക്കാനും ആണവ ആക്രമണങ്ങള്‍ ഒഴിവാക്കാനും റഷ്യ തയാറാകണമെന്നും ചൈന നിര്‍ദേശിച്ചു.