കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളിൽ കത്തോലിക്കാസഭാംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ഫീദെസ് ഏജൻസി (Fides) റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 20 ന് തൊണ്ണൂറ്റിയെട്ടാമത്‌ ആഗോളമിഷനറി ദിനം ആഘോഷിക്കാനിരിക്കെയാണ് സഭ ഈ കണക്കുകൾ പുറത്തുവിട്ടത്. അതോടൊപ്പം, അജപാലനകേന്ദ്രങ്ങളുടെയും, ആരോഗ്യ, സേവന, വിദ്യാഭ്യാസ രംഗങ്ങളിലും സഭ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും ഏജൻസി ഒക്ടോബർ 17 ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.

കത്തോലിക്കാ വിശ്വാസികൾ

1998 മുതൽ 2022 വരെയുള്ള ഔദ്യോഗിക കണക്കുകൾപ്രകാരം, ലോകത്ത് കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിയൊന്ന് കോടിയിൽനിന്ന് (1,01,82,57,000) നൂറ്റിമുപ്പത്തിയെട്ട് കോടിയിലേക്ക് (1,38,95,73,000) വളർന്നു. ഇതേ കാലയളവിൽ ആഗോളജനസംഖ്യ അഞ്ഞൂറ്റിയെൺപത്തിയഞ്ച് കോടിയിൽനിന്ന് (5,85,56,23,000) എഴുന്നൂറ്റിയെൺപത്തിമൂന്ന് കോടിയിലേക്കാണ് (7,83,89,44,000) വളർന്നത്. ഇതനുസരിച്ച്, 1998-ൽ കത്തോലിക്കർ ലോകജനസംഖ്യയുടെ 17.4 ശതമാനമായിരുന്നതിൽ നിന്ന് 2022-ൽ 17.7 ശതമാനമായി ഉയർന്നു. യൂറോപ്പിൽ മാത്രമാണ് കത്തോലിക്കരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുള്ളത്.

വൈദികർ

പുരോഹിതരുടെ എണ്ണത്തിലും ചെറുതായ വളർച്ച ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. നാലുലക്ഷത്തിനാലായിരത്തിൽനിന്ന് (4,04,628) നാലുലക്ഷത്തിഏഴായിരത്തിലേക്ക് (4,07,730) പുരോഹിതരുടെ എണ്ണം ഇതേ കാലയളവിൽ ഉയർന്നിട്ടുണ്ട്. ഇടവക വൈദികരുടെ എണ്ണത്തിലാണ് വർദ്ധനവ് രേഖപ്പെടുത്തപ്പെട്ടത് (2,64,202-ൽനിന്ന് 2,79,171-ലേക്ക്). എന്നാൽ സന്ന്യസ്ത വൈദികരുടെ എണ്ണത്തിൽ ഇതേ കാലയളവിൽ കുറവ് (1,40,424-ൽനിന്ന് 1,28,559-ലേക്ക്) രേഖപ്പെടുത്തി.

സന്യസ്തർ

സ്ത്രീകളും പുരുഷമാരുമുൾപ്പെടുന്ന വൈദികരല്ലാത്ത മറ്റു സന്യസ്തരുടെ എണ്ണത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. പുരുഷന്മാരായ സന്യസ്തരുടെ എണ്ണം അൻപത്തിഏഴായിരത്തിൽ (57,813) നിന്ന് നാല്പത്തിയൊൻപതിനായിരമായി (49,414) കുറഞ്ഞു.

അതേസമയം സന്യാസിനിമാരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 1998-ൽ എട്ടുലക്ഷത്തിലധികം (8,14,779) സന്യാസിനിമാർ ഉണ്ടായിരുന്നിടത്ത് 2022-ൽ അവരുടെ എണ്ണം അഞ്ചുലക്ഷത്തിഅൻപതിനായിരം (5,59,228) മാത്രമാണ്.

മാമ്മോദീസ സ്വീകരിക്കുന്നവർ

കത്തോലിക്കാജനസംഖ്യ വർദ്ധിച്ചുവരുമ്പോഴും മാമ്മോദീസാ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1998-ൽ ഒരുകോടി എഴുപത്തിയൊൻപത് ലക്ഷത്തോളം (1,79,32,891) ആളുകൾ മാമ്മോദീസ സ്വീകരിച്ചപ്പോൾ 2022-ൽ ഇത് ഒരുകോടി മുപ്പത്തിമൂന്ന് ലക്ഷമായി (1,33,27,037) കുറഞ്ഞു. രണ്ടായിരാമാണ്ടിലെ ജൂബിലിയുടെ അവസരത്തിലാണ് മാമ്മോദീസ സ്വീകരിച്ചവരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത്. ഒരുകോടി എണ്ണൂറ്റിനാല്പത് ലക്ഷത്തിലധികം (1,84,08,076) ആളുകളാണ് 2000-ൽ മാത്രം മാമ്മോദീസ സ്വീകരിച്ചത്.

സ്ഥാപനങ്ങൾ

ലോകമാസകലമായി കത്തോലിക്കാസഭ 74,322 നഴ്സറി സ്‌കൂളുകളും, 1,02,189 പ്രൈമറി സ്‌കൂളുകളും 50,851 ഹൈസ്‌കൂളുകളും നടത്തുന്നുണ്ട്. 5,420 ആശുപത്രികളും, 14,205 ഡിസ്പെൻസറികളും, 525 കുഷ്ഠരോഗാശുപത്രികളും, 15,476 വയോജന സംരക്ഷണ കേന്ദ്രങ്ങളും സഭ നടത്തുന്നുണ്ട്. മറ്റു സാമൂഹിക സേവന കേന്ദ്രങ്ങൾക്ക് പുറമെയാണിത്.