റിയാദ്: സൗദിയില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടികൂടപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പിടിയിലായത് 20,159 പ്രവാസികളാണ്. ഡിസംബര്‍ 12നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഇതില്‍ ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടും. അതിന്റെ തൊട്ടുമുമ്പുള്ള ആഴ്ചക 19,831 പ്രവാസികളായിരുന്നു അറസ്റ്റിലായത്.
നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന 9,461 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊട്ടു മുമ്പത്തെ ആഴ്ചയും 9,893 പേരെ സൗദി അധികൃതര്‍ നാടുകടത്തിയിരുന്നു. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ പിടിയിലായതെന്ന് മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,302 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു. 5,652 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,205 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടികൂടപ്പെട്ടത്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,861 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ഇവരില്‍ 65 ശതമാനം എത്യോപ്യക്കാരും 33 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 112 പേരെയും അധികൃതര്‍ പിടികൂടി.