റിയാദ്: സൗദിയില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടികൂടപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പിടിയിലായത് 20,159 പ്രവാസികളാണ്. ഡിസംബര്‍ 12നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഇതില്‍ ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടും. അതിന്റെ തൊട്ടുമുമ്പുള്ള ആഴ്ചക 19,831 പ്രവാസികളായിരുന്നു അറസ്റ്റിലായത്.
നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന 9,461 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊട്ടു മുമ്പത്തെ ആഴ്ചയും 9,893 പേരെ സൗദി അധികൃതര്‍ നാടുകടത്തിയിരുന്നു. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ പിടിയിലായതെന്ന് മന്ത്രാലയം അറിയിച്ചു.
നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു. 5,652 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,205 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടികൂടപ്പെട്ടത്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,861 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ഇവരില്‍ 65 ശതമാനം എത്യോപ്യക്കാരും 33 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 112 പേരെയും അധികൃതര്‍ പിടികൂടി.
പുതുതായി അറസ്റ്റിലായവരെ കൂടാതെ 29,540 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 26,411 പേര്‍ പുരുഷന്‍മാരും 2,619 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 20,337 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 3,425 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമലംഘകരെ സഹായിക്കുകയോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം നല്‍കുകയോ യാത്ര ചെയ്യാന്‍ വാഹനം നല്‍കുകയോ താമസത്തിന് സൗകര്യം ഒരുക്കി നല്‍കുകയോ ജോലി നല്‍കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.