ക്യാമറകളിൽ പിടിവീഴാതെ രക്ഷപ്പെടാനുള്ള ചില ബൈക്കുകാരുടെയും ലോറിക്കാരുടെയുമെല്ലാം കുറുക്കുവഴികൾ ചില്ലറയൊന്നുമല്ല ഉദ്യോഗസ്ഥർക്ക് കഷ്ടപ്പാട് സമ്മാനിക്കുന്നത്. നമ്പർപ്ലേറ്റ് മടക്കിവെച്ചും പിന്നിലത്തേത് ഊരിമാറ്റിയുമുള്ള ന്യൂജനറേഷൻ ബൈക്കുകൾ, നമ്പർപ്ലേറ്റ് വായിക്കാൻ കഴിയാത്ത വിധം ക്രാഷ് ഗാർഡ് വെച്ചുമറച്ച ചരക്ക് ലോറികൾ, നമ്പർപ്ലേറ്റിൽ ചെളിയും മണ്ണും പുരട്ടി അവ്യക്തമാക്കിയ ടിപ്പർ, ടോറസ് ലോറികൾ, നമ്പർ ചുരണ്ടിമാറ്റിയ മറ്റു ചില വാഹനങ്ങൾ… നമ്പർ കാണാതിരിക്കാനുള്ള തന്ത്രങ്ങൾ ഇങ്ങനെ നീളുന്നു.

ഇവയെല്ലാം വാഹനാപകടങ്ങളിൽ പെടുമ്പോഴും നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്ങുമ്പോഴുമാണ് ഉദ്യോഗസ്ഥർക്ക് പണികിട്ടുന്നത്. നമ്പർപ്ലേറ്റ് ‘ഇല്ലാത്ത’ ഈ വാഹനങ്ങളെ ക്യാമറകളുടെ സഹായത്താൽ പോലും പലപ്പോഴും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. സൈഡ് നമ്പർ ഉണ്ടെങ്കിൽ അത് ടർപ്പായകൊണ്ട് മറച്ച നിലയിലായിരിക്കും. പിക്കപ്പ് വാനുകളിൽ ഉൾപ്പെടെ ഇതാണ് സ്ഥിതി.

മോട്ടോർവാഹന വകുപ്പും പോലീസും സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴിയും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈവശമുള്ള ക്യാമറകൾ വഴിയും നിയമലംഘനങ്ങൾ ൈകയോടെ പതിയുന്നുണ്ടെങ്കിലും വാഹന ഉടമയെ കണ്ടെത്താനോ, നിയമനടപടി സ്വീകരിക്കാനോ സാധിക്കാതെ വെട്ടിലായിരിക്കുകയാണ് അധികൃതർ. നമ്പർപ്ലേറ്റുകളില്ലാത്ത വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നത് അപകടങ്ങൾക്കിടയാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളെ മഫ്തിയിൽ പിന്തുടർന്ന് എവിടെയെങ്കിലും നിർത്തിയിടുന്ന സമയത്ത് ൈകയോടെ പിടികൂടുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.

നമ്പർപ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ട് കോടതിയിലേക്കു കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനൊപ്പം നമ്പർപ്ലേറ്റ് വികലമാക്കുന്നവർക്ക് 5,000 രൂപ വരെ പിഴ ചുമത്തും. യാത്രാവാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഉൾപ്പെടെ ഇടിച്ചിട്ട് കടന്നുപോകുന്നതും നിയമവിരുദ്ധ പ്രവർത്തനവും തടയാൻ എല്ലാ വാഹനങ്ങളുടെയും മുന്നിലും പിന്നിലും കൃത്യമായി നിശ്ചിത വലുപ്പത്തിൽ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് നിയമം