പഴയ ഉപയോഗശൂന്യമായ വാഹനങ്ങൾ വീട്ടിൽ കിടന്ന് നശിക്കുന്നതു കണ്ട് ആക്രിവിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള പ്ലാനിൽ ആണോ? ആക്രിക്കാർക്ക് പൊളിച്ചുകൊടുക്കുന്നതെല്ലാം കൊള്ളാം, അതിനുമുൻപ് ചില നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ വിറ്റുകിട്ടിയ തുകയും അതിനെക്കാൾ പണവും കൈയിൽനിന്നു പോയേക്കാം.
സംഗതിയെന്താണെന്നല്ലേ, ആക്രിക്കടകളിൽ വാഹനങ്ങൾ വിൽക്കുമ്പോൾ നിയമം പാലിക്കാത്ത പ്രവണതയ്ക്കെതിരേ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങളുടെ എണ്ണം കൂടുന്നതാണ് നടപടിക്കു പിന്നിൽ. വാഹനം ആക്രിക്കാർക്കോ പൊളിക്കാനോ കൊടുക്കുന്നതിനു മുൻപ് വണ്ടിയുടെ ആർ.സി. (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) അതത് ആർ.ടി. ഓഫീസുകളിൽ സമർപ്പിച്ച്, നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ഇതിനുശേഷം മാത്രമേ വാഹനം പൊളിക്കാനും മറ്റും കൊടുക്കാവൂ എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. ആഴ്ചകൾക്കു മുൻപ് ബൈക്ക് റേസിങ് നടത്തിയ ബൈക്കിനു വേണ്ടിയും ഉടമയ്ക്കു വേണ്ടിയും പോലീസുമായി ചേർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലൊരു നിയമലംഘനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.