ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച് കേരള ഹിന്ദു സൊസൈറ്റിയും ഗുരുവായൂരപ്പൻ ക്ഷേത്രവും. ഓണാഘോഷങ്ങൾ എന്നും മറുനാടൻ മലയാളികൾക്ക് ഒരാവേശമാണ്.
ഇത്തവണയും അത് അന്വർഥമാക്കി ആയിരത്തിൽപരം മലയാളികൾ തടിച്ചു കൂടിയ ഓണാഘോഷം സംഘടിപ്പിച്ച് കേരള ഹിന്ദു സൊസൈറ്റി വ്യത്യസ്ത പുലർത്തി. സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും മലയാളികൾ സ്റ്റാഫോർഡ് ജിഎസ്എച്ച് ഹാളിലേക്ക് ഒഴുകിയെത്തി.
ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരുടെ അഭൂതപൂർവമായ തിരക്ക് സംഘാടകരെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തി. ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ട് ചെണ്ടമേളത്തിന്റെയും പുലികളിയുടെയും താലപൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ കേരള ഹിന്ദു സൊസൈറ്റിയുടെ പ്രസിഡന്റ് സുനിൽ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, അമിത് മിസ്രാ (വൈസ് പ്രസിഡന്റ് എച്ച്എസ്എസ്), അരുൺ കങ്കാണി ( നാഷണൽ പ്രസിഡന്റ് സേവ ഇന്റർനാഷണൽ), അച്ലേഷ് അമർ (ടെക്സസ് റീജിയണൽ കോ ഓർഡിനേറ്റർ വിഎച്ച്പി), ലക്ഷ്മി നരസിംഹ (പ്രസിഡന്റ് ശ്രീ ശാരഥംഭ ടെംപിൾ), കനു പട്ടേൽ (സ്വാമിനാരായൺ ടെംപിൾ), അരുൺ വർമ (സീതാറാം ഫൗണ്ടേഷൻ എന്നിവർ സന്നിഹിതകരായിരുന്നു.
തനതു കലാരൂപംങ്ങൾ അണിനിരന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന തിരുവാതിരകളിയും മാർഗം കളിയും ഒപ്പനയും കൊച്ചു കുട്ടികളെ അണിനിരത്തി അണിയിച്ചൊരുക്കിയ പഞ്ചഭൂതങ്ങൾ എന്ന പ്രോഗ്രാമും കളരിപ്പയറ്റും കണ്ണിനും കരളിനും കുളിരേകി.
ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മേളക്കാർ ചേർന്ന് അവതരിപ്പിച്ച മേളം ഒരു വ്യത്യസ്ഥ അനുഭവമായി. കേരളത്തിൽ നിലനിന്നു വരുന്ന വിവിധ കലാരൂപങ്ങൾക്ക് പ്രചുര പ്രചാരം നൽകുന്നതിനും അതിനുള്ള വേദികളും അവസരങ്ങളും ഉണ്ടാക്കുന്നതിനുമുള്ള കേരള ഹിന്ദു സൊസൈറ്റിയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതായിരുന്നു കേരള ക്ഷേത്രകലകൾ എന്ന പ്രോഗ്രാം.
കേരളത്തിൽ നിലനിൽക്കുന്ന വിവിധ കലാരൂപങ്ങൾ കോർത്തിണക്കി അവയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയത് അതിന്റെ ഉത്തമ ഉദാഹരണമായിരിന്നു. ഓണാഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സ്വാദിഷ്ട്ടമായ ഓണസദ്യ ഒരുക്കി വിളമ്പുന്നതിന് എന്നും ഒരുപടി മുന്നിലാണ് കേരള ഹിന്ദു സൊസൈറ്റി.
ഇരുന്നൂറിൽ പരം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ബോർഡ് മെമ്പറും കുക്കിംഗ് കമ്മിറ്റി ചെയറുമായ രാജേഷ് നായരും കൃഷ്ണ ശർമയും ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചു തയാറാക്കിയ ഓണസദ്യ കഴിക്കാൻ വലിയ തിരക്കാണ് ഇത്തവണയും അനുഭവപ്പെട്ടത്.
ആഘോഷപരിപാടികളുടെ വിജയത്തിന് ചുക്കാൻ പിടിച്ച അജിത് നായർ, അഞ്ചു മണിക്കൂർ ഇടവേളകളില്ലാതെ അവതരിപ്പിച്ച കലാ പരിപാടികൾക്ക് നേതൃത്വം കൊടുത്ത കൃഷ്ണൻ ഗിരിജ എന്നിവരെ വേദിയിൽ പ്രത്യേകം അനുമോദിച്ചു.
കേരള ഹിന്ദു സൊസൈറ്റി ഏർപ്പെടുത്തിയ വിവിധ സ്കോർഷിപ്പുകളുടെ വിതരണവും ഈ അവസരത്തിൽ നടത്തപ്പെട്ടു. സന്നദ്ധപ്രവർത്തകർ ചേർന്ന് ഒരുക്കിയ അത്തപൂക്കളം എല്ലാവരുടെയും മനംകവാർന്നു.
ഓണാഘോഷപരിപാടികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പ്രസിഡന്റ് സുനിൽ നായർ, സെക്രട്ടറി അജിത് പിള്ള, ട്രെഷർ ശ്രീകല നായർ, വൈസ് പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ, മറ്റു ബോർഡ് മെമ്പർമാരായ വിനോദ്, സുരേഷ് കരുണാകരൻ, രാജി പിള്ള, രാജി തമ്പി, സിന്ധു മനോജ്, സുരേഷ് കണ്ണോളിൽ എന്നിവരും ട്രസ്റ്റി ചെയർ രമ പിള്ള, ഹരി ശിവരാമൻ, രൂപേഷ് അരവിന്ദ്ധാക്ഷൻ എന്നിവരും പങ്കെടുത്തു.
കെഎച്ച്എസിന്റെ മുതിർന്ന പ്രവർത്തകരായ ശശിധരൻ നായർ, മാധവൻ പിള്ള, വി.എൻ. രാജൻ എന്നിവർ ആഘോഷ പരിപാടികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തു.