കണ്ണൂരിൽ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം. രോ​ഗം സ്ഥിരീകരിച്ച തലശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് യുഎഇയിൽ നിന്നെത്തിയ തലശേരി സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ രോഗം ബാധിച്ച് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായി. 

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

അബുദാബിയിൽനിന്നെത്തിയ വയനാട് സ്വദേശിക്ക് തിങ്കളാഴ്ച എം പോക്സ് സ്ഥീരീകരിച്ചിരുന്നു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാൻ മന്ത്രി നിർദേശം നൽകി. എം പോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.