കണ്ണൂർ: മുഖ്യമന്ത്രിയുടെ ഗ്രാമത്തിൽ മറ്റൊരു പാർട്ടിക്കും പ്രവർത്തിക്കാൻ അവസരം നൽകില്ലെന്നത് ഏകാധിപത്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ നാട്ടിലെ പാർട്ടി ഓഫീസാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാൻ എത്തുന്നതിന്റെ തലേദിവസമാണ് ഓഫീസ് അടിച്ചു തകർക്കുകയും സിസിടിവി കാമറ തല്ലിപ്പൊളിക്കുകയും പെട്രോൾ ഒഴിച്ച് വാതിലുകൾക്ക് തീയിടുകയും ചെയ്തത്. എന്തൊരു ജനാധിപത്യമാണ് കേരളത്തിൽ എന്നും വിഡി സതീശൻ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ മറ്റൊരു പാർട്ടിക്കും പ്രവർത്തിക്കാൻ അവസരം നൽകില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്. ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. ഉത്തരവാദികളായ എല്ലാവർക്കും എതിരെ നടപടിയെടുക്കാനും അവരെ തള്ളിപ്പറയാനും സിപിഎം തയ്യാറാകണം. ഇത്തരം ആളുകളുമായി പാർട്ടിക്ക് ബന്ധമുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അവരുമായി ബന്ധമില്ലെന്നാണ് സിപിഎം പറയുന്നത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴും പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കൊലപാതകം ഉൾപ്പെടെ എന്തു വൃത്തികേട് ചെയ്താലും പാർട്ടിക്ക് ബന്ധം ഇല്ലെന്ന സ്ഥിരം സാധനം പാർട്ടി ഓഫീസിൽ എഴുതിവെച്ചിട്ടുണ്ട്. അത് ഇവിടെ വേണ്ട. കോൺഗ്രസ് ഓഫീസിന് തീയിട്ടത് ആരാണെന്ന് എല്ലാവർക്കും അറിയാം. വഴിയെ പോകുന്ന ആരും കോൺഗ്രസ് ഓഫീസിന് തീയിടില്ല. ഇത് കേരളത്തിൽ ഉടനീളെ നടന്നുകൊണ്ടിരിക്കുകയാണ്. ഐടിഐയിൽ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി തുടങ്ങിയതിന്റെ പേരിൽ എല്ലാ ദിവസവും ആ കുട്ടികളെ മർദിക്കുകയാണ്. ഒരു തരത്തിലും സംഘടനാ പ്രവർത്തനവും വിദ്യാർഥി സംഘടനാ പ്രവർത്തനവും നടത്താൻ അനുവദിക്കില്ലെന്ന ധിക്കാരമാണ്. അതിനെ ചെറുത്ത് തോൽപ്പിക്കും. ഏകാധിപത്യം കൈയിൽ വെച്ചാൽ മതിയെന്നും സതീശൻ തുറന്നടിച്ചു.

ജനാധിപത്യ വാദികളെയെല്ലാം ഒന്നിച്ചു കൂട്ടി ഏകാധിപത്യത്തിനെതിരെ അതിശക്തമായി പോരാടും. പിണറായി മേഖലയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നു. അത്രയും പ്രതിസന്ധികളിലൂടെയാണ് അവർ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുന്നത്. അവരോടൊപ്പമാണ് എന്ന് അറിയിക്കാൻ വേണ്ടിയാണ് ഇവിടെ എത്തിയത്. ജീവൻ പണയം വച്ചും രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സഹപ്രവർത്തകരെ കാണുന്നതിനു വേണ്ടിയാണ് പിണറായിയിൽ എത്തിയത്. മുഖ്യമന്ത്രിയുടെ നാട്ടിൽ പോലും രാഷ്ട്രീയ പ്രവർത്തനത്തിന് അവസരം നൽകില്ലെന്ന അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവും അവസാനിപ്പിച്ചേ മതിയാകൂ. അതിനു വേണ്ടിയുള്ള പോരാട്ടവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.