വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതിൽ കടുവയെ വെടിവെച്ചു കൊല്ലാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചു. ഇതിനെ തുടർന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സ്ത്രീയുടെ മരണത്തിൽ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാണ്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടത്തിൽ മയക്കുവെടി, കൂട് എന്നിവയിലൂടെ പിടികൂടാവുന്നതാണ്.
ഈ സാധ്യതകള്‍ നടക്കാത്ത പക്ഷമാണ് കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കാം.
കടുവയുടെ ആക്രമണം നടന്ന പ്രദേശത്ത് ജാഗ്രത പുലര്‍ത്താനും ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടുന്നത്.
കാപ്പി പറിക്കാന്‍ പോയ താത്കാലിക വനംവാച്ചറുടെ ഭാര്യയായ രാധയെ ആണ് കടുവ ആക്രമിച്ചത്.
പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.