പുതിയ കർദിനാൾമാരുടെ സ്ഥാനാരോഹണം ഡിസംബർ ഏഴിന് നടക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകളുടെ സമയക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഒക്ടോബർ ആറിന് 21 പുതിയ കർദിനാൾമാരെ കർദിനാൾ സംഘത്തിലേക്ക് ചേർക്കുമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.

ഒക്ടോബർ 12 ന് പുറത്തിറക്കിയ സമയക്രമം അനുസരിച്ച്, പുതിയ കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് ഫ്രാൻസിസ് പാപ്പയും കർദ്ദിനാൾ സംഘം മുഴുവനും വത്തിക്കാൻ ബസിലിക്കയിൽ ഒരുമിച്ചുകൂടി നന്ദിയർപ്പിക്കും.

ഒക്ടോബർ 12 ന് ഫ്രാൻസിസ് മാർപാപ്പ നാമനിർദ്ദേശം ചെയ്യപ്പെട്ട കർദിനാൾമാരെ അഭിസംബോധന ചെയ്ത് ഒരു കത്ത് അയക്കുകയും ചെയ്തു. പാപ്പ അവരെ ‘സേവകൻ’ എന്നാണ് അഭിസംബോധന ചെയ്തത്. നവംബർ 17ന് പാവപ്പെട്ടവരുടെ ആഗോള ദിനത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയിൽ മാർപാപ്പ അധ്യക്ഷത വഹിക്കും. നവംബർ 24ന് ലോക യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധ കുർബാനയിലും ഡിസംബർ 12 ന് ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ സ്പാനിഷ് ഭാഷയിൽ വിശുദ്ധ കുർബാനക്ക് നേതൃത്വം വഹിക്കും.