ലോസ് ആഞ്ജലസ് കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്നുള്ള വാർത്തയെ തള്ളി അക്കാദമി രംഗത്തെത്തി. നിലവിൽ ചടങ്ങ് റദ്ദാക്കാൻ പദ്ധതിയില്ലെന്നും ടോം ഹാങ്ക്‌സ്, മെറിൽ സ്ട്രീപ്പ് എന്നിവരെപ്പോലുള്ള സെലിബ്രിറ്റികൾ ഉൾപ്പെടുന്ന ഉപദേശക സമിതി നിലവിലില്ലെന്നും മുതിർന്ന അക്കാദമി വൃത്തങ്ങൾ വ്യക്തമാക്കി.
മാർച്ച് രണ്ടിന് ഷെഡ്യൂൾ ചെയ്ത 97-ാമത് ഓസ്‌കാർ ചടങ്ങ് റദ്ദാക്കിയേക്കുമെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ. താരങ്ങളായ ടോം ഹാങ്ക്‌സ് , എമ്മ സ്റ്റോണ്‍ , മെറില്‍ സ്ട്രീപ്പ് , സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നുമാണ് പ്രചരിച്ച വാർത്ത.
എന്നാൽ ഇവർ ഉൾപ്പെട്ട ഒരു ഉപദേശക സമിതി നിലവിലില്ലെന്നും അക്കാദമിയുടെ 55 പേരടങ്ങുന്ന ബോർഡ് ഓഫ് ഗവർണർമാരാണ് ഓസ്കാർ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതെന്നും അക്കാദമി പ്രതികരിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് പോലും റദ്ദാക്കപ്പെടാത്ത ചടങ്ങാണെന്നും അക്കാദമി നേതൃത്വം പറഞ്ഞു.
എന്നിരുന്നാലും, കാട്ടുതീയുടെ ആഘാതം അക്കാദമി അംഗീകരിച്ചു. ഇത് 25 പേരുടെ ജീവനെടുക്കുകയും മാൻഡി മൂർ, പാരീസ് ഹിൽട്ടൺ തുടങ്ങിയ സെലിബ്രിറ്റികളുടേതുൾപ്പെടെ നിരവധി വീടുകൾ കത്തിനശിച്ചു. ദുരന്തബാധിതർക്കൊപ്പമാണ് അക്കാദമിയെന്നും അറിയിച്ചു.