14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിം അനുജയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദ്ദേശമുണ്ട്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് നാമനിര്‍ദ്ദേശം. മാര്‍ച്ച്‌ രണ്ടിനാണ് അവാര്‍ഡ് പ്രഖ്യാപനം.

പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി നോമിനേഷന് മത്സരിക്കാനാകുമായിരുന്നു. ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിരുന്നു.

ബ്ലെസി- പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.