സിമ്മിൽ സി​ഗ്നൽ നഷ്ടപ്പെടുന്നതും ഔട്ട് ഓഫ് റേഞ്ച് ആകുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ഇനി മുതൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. ബിഎസ്എൻഎൽ, ജിയോ, എയർ‌ടെൽ ഉപയോക്താക്കൾക്ക് സ്വന്തം ഫോണിലെ സി​ഗ്നൽ നഷ്ടപ്പെട്ടാലും ലഭ്യമായ നെറ്റ്‌വർക്കിൽ നിന്ന് കോൾ ചെയ്യാൻ സാധിക്കും. കേന്ദ്രം ഇൻട്രാ സർക്കിൾ റോമിംഗ് (ICR) സൗകര്യം ഡിജിറ്റൽ ഭാരത് നിധി (DBN) ധനസഹായം നൽകുന്ന 4G മൊബൈൽ സൈറ്റുകൾ പ്രദർശിപ്പിക്കുന്ന പരിപാടിയിൽ അവതരിപ്പിച്ചു.

ഏത് നെറ്റ്‌വർക്കിൽ ഉപയോ​ഗിക്കുന്ന ഉപയോക്താവിന് ഒരൊറ്റ DBN-ഫണ്ട് ടവർ വഴി 4G സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. സ്വന്തം സിമ്മിൽ റേഞ്ചില്ലെങ്കിലും തടസമില്ലാത്ത ഇൻ്റർനെറ്റും സേവനങ്ങളും ആസ്വദിക്കാം. വ്യത്യസ്ത നെറ്റ്‌വർക്കിൽ നിന്നുള്ളവർക്കും ഒരേ ടവറിൽ നിന്ന് 4ജി കണക്റ്റിവിറ്റി ആസ്വദിക്കാം. മൊബൈൽ ടവറുക​ളുടെ എണ്ണം കുറയ്‌ക്കുന്നതിനും കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വഴി സഹായിക്കും. ഏകദേശം 27,000 ടവറുകൾ ഉപയോഗിച്ച് 35,400-ലധികം ഗ്രാമീണ, വിദൂര മേഖലകളിൽ 4ജി കണക്റ്റിവിറ്റി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.