പാക് അധീന കശ്മീരിൽ ഇന്ത്യ വിരുദ്ധ സമ്മേളനം നടത്തി ഭീകരർ. സമ്മേളനത്തിൽ ഹമാസ് പ്രതിനിധികൾ പങ്കെടുത്തു. ഹമാസ് പ്രതിനിധികൾക്ക് ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ വിഐപി പരിഗണനയാണ് നൽകിയത്. റാവൽക്കോട്ടിലെ ഷഹീദ് സാബിർ സ്റ്റേഡിയത്തിലേക്ക് ഹമാസ് നേതാക്കൾ ആഡംബര എസ്‌യുവികളിലാണ് എത്തിയത്. ജെയ്‌ഷെ, ലഷ്‌കർ ഭീകരർ ബൈക്കുകളിലും കുതിരകളിലും റാലി നടത്തി. ‘കശ്മീർ സോളിഡാരിറ്റി ആൻഡ് ഹമാസ് ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്’ കോൺഫറൻസിനായി എത്തിയ ഹമാസ് നേതാക്കളെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.
പാകിസ്ഥാൻ ഫെബ്രുവരി 5ന് കശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിക്കുന്ന സമ്മേളനത്തിലാണ് ഹമാസ് നേതാക്കളും ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ ഭീകരരും പങ്കെടുത്തത്. ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനുള്ള പ്രചാരണ പരിപാടിയാണിത്. ജെയ്‌ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ തൽഹ സെയ്ഫ്, ജെയ്‌ഷെ കമാൻഡർ അസ്ഗർ ഖാൻ കശ്മീരി എന്നിവരുൾപ്പെടെയുള്ള ഭീകരവാദി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ഇറാനിലെ ഹമാസ് പ്രതിനിധിയായ ഡോ. ഖാലിദ് അൽ-ഖദൂമിയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം പാക് അധീന കശ്മീരിൽ എത്തിയത്. ഇതുവരെ മിഡിൽ ഈസ്റ്റിൽ മാത്രമായി തങ്ങളുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്ന ഹമാസ്, പാക് അധീന കശ്മീരിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തത് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള ശ്രമത്തെയാണ് സൂചിപ്പിക്കുന്നത്.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മുൻകാലങ്ങളിൽ നിരവധി ഹമാസ് നേതാക്കൾ പ്രതികരണം നടത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഭീകരവാദ ഘടകങ്ങളുമായി ഹമാസിന് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകര സംഘടനകളുടെ നേതാക്കളെ ഇന്ത്യാ വിരുദ്ധ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത് ഇന്ത്യ ഗൗരവമായാണ് കാണുന്നത്. കശ്മീർ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നത് എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറയുന്നുണ്ടെങ്കിലും അതിനിടയിലാണ് പാക് അധീന കശ്മീരിൽ ഭീകരരുടെ നേതൃത്വത്തിൽ ഇന്ത്യാ വിരുദ്ധ സമ്മേളനം നടന്നിരിക്കുന്നത്. കശ്മീർ എന്നും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.