പാലക്കാട് കരിമ്പ പനയംപാടത്ത് ദേശീയപാതയിൽ നാലുകുട്ടികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. അപകടം ഉണ്ടായ സ്ഥലത്ത് സുരക്ഷാപരിശോധന നടത്തിയ സംയുക്ത ഉദ്യോഗസ്ഥസംഘമാണ് ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുക. അപകടമുണ്ടായ സ്ഥലത്തെ വളവിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട നടപടികൾ റിപ്പോർട്ടിൽ നിർദേശിക്കും.
കളക്ടറുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച അടിയന്തരയോഗം ചേർന്ന് റിപ്പോർട്ട് ചർച്ചചെയ്യും. തുടർന്ന്, മന്ത്രിതല ചർച്ചയ്ക്കായി സമർപ്പിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്ന് കരുതുന്ന ദേശീയപാതാ അതോറിറ്റി അധികൃതരുമായുള്ള ചർച്ചയിൽ ഈ റിപ്പോർട്ടായിരിക്കും പ്രധാനമായി പരിഗണിക്കുക.
ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തിയ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദേശിച്ച കാര്യങ്ങൾകൂടി പരിഗണിച്ചാണ് ഉദ്യോഗസ്ഥസംഘത്തിെൻ്റെ റിപ്പോർട്ട്. മുണ്ടൂർ ജങ്ഷൻ, അയ്യപ്പൻകാവ് എന്നിവിടങ്ങളിൽ സംയുക്ത ഉദ്യോഗസ്ഥസംഘം ഞായറാഴ്ച സുരക്ഷാപരിശോധന നടത്തി. ഓട്ടോസ്റ്റാൻഡ് പാതയുടെ മറുവശത്തേക്ക് മാറ്റുന്നകാര്യം തീരുമാനിക്കാൻ കരിമ്പപഞ്ചായത്തിലെ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി തിങ്കളാഴ്ച യോഗംചേരും.