പാചക കലയിൽ പൗരാണിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പുരാണങ്ങളിൽ മുതൽ പരാമർശിച്ചുവരുന്ന ഇന്ത്യയുടെ പാചക കല പലകാലങ്ങളിലായി പലവിധ മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. വിദേശത്തുനിന്ന് ഉൾപ്പെടെ ഇവിടുത്തെ രുചിഭേദങ്ങളെ അടുത്തറിയാൻ എത്തുന്നവർ നിരവധിയാണ്. ഇക്കാര്യത്തിൽ നമ്മൾ മലയാളികളും മുൻപന്തിയിലാണ്. ഇതിനിടെ ലോകത്തെ ഏറ്റവും മികച്ച 100 റെസ്റ്റാറന്‍റുകളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് പ്രമുഖ ഫൂഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്.
വിയന്നയിലെ ഫിഗൽമ്യൂലർ ഒന്നാമതെത്തിയ പട്ടികയിൽ ഏഴ് ഇന്ത്യൻ റെസ്റ്റാറന്‍റുകളാണുള്ളത്. അതിലൊന്ന് കേരളത്തിലാണെന്നതാണ് മറ്റൊരു സവിശേഷത. കോഴിക്കോട്ടെ പാരഗൺ റെസ്റ്റാറന്‍റ് പട്ടികയിൽ അഞ്ചാമതാണ്. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് (ഏഴ്), മുർത്തലിലെ അംരിക് സുഖ്ദേവ് (13) എന്നിവയാണ് ആദ്യ 50ലുള്ള മറ്റ് ഇന്ത്യൻ ഭക്ഷണശാലകൾ. ഡൽഹിയിലെ കരിം ഹോട്ടൽ (59), ബംഗളൂരുവിലെ സെൻട്രൽ ടിഫിൻ റൂം (69), ഡൽഹിയിലെ ഗുലാത്തി (77), മുംബൈയിലെ റാം ആശ്രയ (78) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ റെസ്റ്റാറന്‍റുകൾ.