സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാർട്ടിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വർക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.
മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രൻ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത് തിരിച്ചടിയായി. എൻസിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.