പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികൾ ഇന്ന് ജയിൽമോചിതരാകും. സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.മണികണ്ഠൻ, കെ.വി.ഭാസ്കരൻ എന്നിവർ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങുക.
ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെത്തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 5 വർഷം തടവും 10,000 രൂപവീതം പിഴയുമാണ് ഇവർക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ.
കേസിൽ സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പിന്നാലെ 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.