ചണ്ഡീഗഡ്: പതിനെട്ട് മാസത്തിനിടെ സ്വവര്‍ഗാനുരാഗിയായ യുവാവ് കൊലപ്പെടുത്തിയത് പതിനൊന്ന് പുരുഷന്മാരെ. പഞ്ചാബിലാണ് സംഭവം. രാം സരൂപ് എന്ന യുവാവാണ് പതിനൊന്ന് പുരുഷന്മാരെ കൊന്ന് തള്ളിയത്. തന്റെ ലൈംഗികതയെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പ്രതികാരമായാണ് കൊലപാതകപരമ്പരയെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് വെളിപ്പെടുത്തി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചതായും യുവാവ് പൊലീസിനോട് പറഞ്ഞു.

പഞ്ചാബിലെ ഹൈവേകള്‍ കേന്ദ്രീകരിച്ചായിരുന്നു രാം സരൂപ് യുവാക്കളെ ലക്ഷ്യംവെച്ചിരുന്നത്. യുവാക്കളെ വശീകരിച്ച ശേഷം അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. ലൈംഗിക ബന്ധത്തിന് ശേഷം തന്നെ നിരസിക്കുകയോ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്ന പുരുഷന്മാരെ ഇയാള്‍ അതിക്രൂരമായി കൊലപ്പെടുത്തും.

ലൈംഗിക ബന്ധത്തിന് ശേഷം സമ്മതിച്ച തുക നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തന്റെ ആദ്യ ഇരയായ ഹര്‍പ്രീത് സിങിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. അവസാന ഇരയായ 37 വയസുകാരന്‍ മനീന്ദര്‍ സിങിനെ കൊലപ്പെടുത്തിയത് തന്റെ ലൈംഗികതയെ പരിഹസിച്ചതിനാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമേ മനീന്ദര്‍ സിങ് തന്റെ ശരീര ഭാഗങ്ങളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇയാള്‍ മൊഴി നല്‍കി. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗര സ്വദേശിയാണ് പിടിയിലായ രാം സരൂപ് എന്ന സോധി. 22ാം വയസിലാണ് രാം സരൂപ് സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞത്.