ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഡിസംബർ എട്ടിനും പന്ത്രണ്ടിനും ഇടയിൽ 12 ദശലക്ഷം തീർഥാടകർ മെക്സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പിലെ ഔവർ ലേഡി ഓഫ് ബസലിക്ക സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബർ മാസത്തിന്റെ അവസാനമാകുമ്പോഴേക്കും ഇത് 18 ദശലക്ഷം കവിയുമെന്നാണ് കരുതുന്നത്.
1531 ൽ വി. ജുവാൻ ഡിയാഗോയ്ക്ക് പ്രത്യക്ഷപ്പെട്ട അവസാനദിവസത്തിന്റെ സ്മരണാർഥം ഡിസംബർ 12 നാണ് ഗ്വാഡലൂപ്പ് മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്. 493 വർഷങ്ങൾക്കുശേഷം, മാതാവിന്റെ ചിത്രം പതിഞ്ഞ വി. ജുവാൻ ഡിയാഗോയുടെ പുറങ്കുപ്പായം ടെപിയാക് കുന്നിന്റെ അടിവാരത്തുള്ള ഗ്വാഡലൂപ്പിലെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു. ഇത് ദശലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ഒന്നാണ്.
ഗ്വാഡലൂപ്പിലെ ബസിലിക്ക സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റിയായ ഗുസ്താവോ എ. മഡെറോയുടെ മേയർ ജാനെകാർലോ ലൊസാനോ റെയ്നോസോ ഡിസംബർ മൂന്നിന് പത്രസമ്മേളനത്തിൽ തീർഥാടകരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തി. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ 11,264 ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. കൂടാതെ, സൂപ്പ് കിച്ചൺ, 200 ലധികം ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം എന്നിവയും ക്രമീകരിച്ചു.