ലാസ് വേഗാസ്: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറിന്റെ ഭാഗത്തുനിന്നു തീയും പുകയും പടർന്നു. അമേരിക്കയിലെ നെവാഡയിലെ ലാസ് വേഗാസിലാണ് സംഭവം. 190 യാത്രക്കാരുമായി സാൻഡിയാഗോയിൽനിന്നെത്തിയ ഫ്രൊണ്ടിയർ എയർലൈൻ വിമാനത്തിന്റെ ടയറിന് തീപിടിച്ചാണ് അപകടമുണ്ടായത്.
റൺവേയിൽ വിമാനം തൊട്ടതിന് പിന്നാലെ പിൻ ടയറിന്റെ ഭാഗത്തുനിന്നു തീ പടരുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ തൽസമയത്തെ ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചുവെന്നു വിമാനത്താവള അധികൃതർ പറഞ്ഞു.
പുക കണ്ടതിന് പിന്നാലെ പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചതിനാൽ അഗ്നിരക്ഷാ സേന തയാറായി നിന്നിരുന്നു. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.