അമേരിക്കയുടെ വിസ നയത്തിൽ കർശനമായ നിലപാട് ആവർത്തിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ് വിസകൾ അവകാശമല്ല, മറിച്ച് പദവിയാണ്. അമേരിക്കൻ നിയമങ്ങളോടും മൂല്യങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്നവർക്കാണ് അമേരിക്കയിലേക്കുള്ള പ്രവേശനമെന്ന് അദ്ദേഹം പറഞ്ഞു. കർശനമായ കുടിയേറ്റ മാനദണ്ഡങ്ങളോടുള്ള വാഷിംഗ്ടണിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നവയാണിവ.
2023 ഒക്ടോബർ 7-ന് ഇസ്രായേൽ പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർഥികൾക്കെതിരെ രാജ്യവ്യാപകമായി നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ‘യു.എസ് വിസകൾ ഒരു അവകാശമല്ല, മറിച്ച് ഒരു പദവിയാണ്. അമേരിക്കയെ മികച്ചതാക്കാൻ ശ്രമിക്കുന്നവർക്കായി അവ നീക്കിവെച്ചിരിക്കുന്നത്. അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കല്ല’ ഫോക്സ് ന്യൂസിനോട് സംസാരിക്കവെ യു.എസ് നയതന്ത്രജ്ഞൻ പറഞ്ഞു.
കൂടാതെ, വിസ ഉടമകൾ തുടർച്ചയായി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഡി.എച്ച്.എസുമായും മറ്റ് സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലംഘനങ്ങൾ കണ്ടെത്തിയാൽ വിസകൾ സജീവമായി അവലോകനം ചെയ്യുകയും റദ്ദാക്കുകയും ചെയ്യുമെന്നും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് (ഐ.എൻ.എ) വിസ റദ്ദാക്കാൻ അധികാരം നൽകുന്നു. ഈ അധികാരം നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് അടിസ്ഥാനപരമാണ്. ആർക്കൊക്കെ യു.എസിലേക്ക് വരാം, വരാൻ പാടില്ല എന്നതിനെക്കുറിച്ച് യു.എസ് നിയമങ്ങൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വിസ അപേക്ഷയും ആ നിയമങ്ങളിലൂടെ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു. തീവ്രവാദ പ്രവർത്തനത്തെ പിന്തുണക്കുന്നവർക്കോ അംഗീകരിക്കുന്നവർക്കോ അല്ലെങ്കിൽ മറ്റുള്ളവരെ തീവ്രവാദ പ്രവർത്തനത്തെ പ്രേരിപ്പിക്കുന്നവർക്കോ യു.എസ് വിസക്ക് അർഹതയില്ല. കഴിഞ്ഞ വർഷം അമേരിക്കൻ കോളേജ് കാമ്പസുകളിൽ ഉണ്ടായ ചില പ്രതിഷേധങ്ങൾ റൂബിയോ ചൂണ്ടിക്കാട്ടി. പ്രശസ്തമായ സർവകലാശാലകളിലും മറ്റുമായി അമേരിക്കയിൽ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
വിദേശി വിദ്യാർഥികൾ കോളജ് കാമ്പസുകൾ അടച്ചുപൂട്ടുക, ജൂത വിദ്യാർഥികൾ ഉപദ്രവിക്കുക, ഹൈവേകൾ ഉപരോധിക്കുക, കെട്ടിടങ്ങൾ തകർക്കൽ എന്നിങ്ങനെ നിരവധി അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ട്രംപ് ഭരണകൂടം നിർണായക നടപടികൾ സ്വീകരിക്കുമെന്നും റൂബിയോ വ്യക്തമാക്കി. വിസ ലംഘനങ്ങളുടെ കാര്യത്തിൽ വിദേശ പൗരന്മാർക്ക് ഭരണഘടനാ പരിരക്ഷകൾ ബാധകമല്ലെന്നും യു.എസ് ഉദ്യോഗസ്ഥൻ അറിയിച്ചു.