ഗാസാമുനമ്പിലെ കുട്ടികൾക്കിടയിൽ പോളിയോ രോഗബാധ തടയാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഫെബ്രുവരി 22 മുതൽ 26 വരെ തീയതികളിലായി പത്ത് വയസ്സിൽ താഴെയുള്ള ആറുലക്ഷത്തോളം (5.91.000) കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഇത്തവണത്തെ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ശിശുക്ഷേമനിധി ഫെബ്രുവരി 19 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി ഗാസയിലെ 95 ശതമാനം കുട്ടികൾക്കും ആദ്യ രണ്ടു ഡോസ് പ്രതിരോധമരുന്നുകൾ നൽകാനായിരുന്നുവെന്ന് യൂണിസെഫ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പത്ത് മാസം പ്രായമുള്ള ഒരു കുട്ടി പോളിയോ ബാധിച്ച് തളർന്നുവെന്നും, കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി ഡെയർ അൽ ബാലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ശേഖരിച്ച മലിനജലസാമ്പിളുകൾ, പോളിയോ വൈറസ് പകർച്ച തുടരുന്നുണ്ടെന്ന് വ്യക്തമാക്കിയെന്നും ശിശുക്ഷേമനിധി അറിയിച്ചു.
ഗാസാമുനമ്പിലെ അഭയാർത്ഥികേന്ദ്രങ്ങളിലെ ആളുകളുടെ എണ്ണം കൂടുതലായതിനാലും, നിരവധി ജലവിതരണ പദ്ധതികളും, ആരോഗ്യ, ശുചിത്വപരിപാലനകേന്ദ്രങ്ങളും തകർക്കപ്പെട്ടതിനാലും, പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിൽ പോളിയോ പകരാനുള്ള സാധ്യത കൂടുതലുണ്ടെന്ന് യൂണിസെഫ് അറിയിച്ചു. പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിച്ചതുമുതൽ, ആളുകൾ കൂടുതലായി യാത്ര ചെയ്യാൻ ആരംഭിച്ചതും പോളിയോ ബാധ വർദ്ധിക്കാൻ കാരണമായേക്കുമെന്ന് സംഘടന കൂട്ടിച്ചേർത്തു.
കഴിഞ്ഞ പോളിയോ വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിൽ സംഘർഷഭരിതപ്രദേശങ്ങളിൽ 7000-ത്തോളം കുട്ടികൾക്ക് മരുന്നുകൾ നല്കാനായിരുന്നില്ലെന്ന് ശിശുക്ഷേമനിധി അറിയിച്ചു. ഇവരുൾപ്പെടെ, പത്തുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും മരുന്നെത്തിക്കാനാണ് യൂണിസെഫിന്റെ ഇത്തവണത്തെ ശ്രമം. പ്രദേശത്ത് നിലവിലുള്ള വെടിനിറുത്തൽ, സ്ഥിരമായ സമാധാനത്തിലേക്കുള്ള വഴിയൊരുക്കട്ടെയെന്നും ഐക്യരാഷ്ട്രസഭാസംഘടന തങ്ങളുടെ പത്രക്കുറിപ്പിലൂടെ ആശംസിച്ചു.