നവീകരണം, കൂട്ടായ്മ, സേവനം എന്നീ ത്രിതല ദിശയിൽ മുന്നേറുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. തെയാറ്റിൻ സന്ന്യാസ സമൂഹത്തിൻറെ അഞ്ഞൂറാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് എത്തിയ തീർത്ഥാടകസംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

പുരാതന അടിത്തറയിൽ ഉറച്ചു നില്ക്കുകയും ഒപ്പം, പുതിയത് നിർമ്മിക്കുന്നതിന് പഴയത് പൊളിക്കാൻ തയ്യാറാകുകയും ചെയ്യേണ്ടത് സ്വന്തം ദൗത്യത്തോട് വിശ്വസ്തരായി നിലകൊള്ളുന്നതിനും നവീകരണത്തിൻറെ പാതയിൽ ധീരതയോടെ ചുവടുവയ്ക്കുന്നതിനും ആവശ്യമാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിച്ചു. ആദിമ സമൂഹത്തിൻറെ മാതൃക പിൻചെന്നുകൊണ്ട് സമൂഹ ജീവിതവും സഹോദരങ്ങൾക്ക് ദൈവത്തിൻറെ സേവനം ലഭ്യമാക്കലും സ്വയം നവീകരിച്ചുകൊണ്ട് സഭയെ നവീകരിക്കലും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമൂഹം സ്ഥാപിതമായതെന്ന് പാപ്പാ പറഞ്ഞു.

നവീകരണം, കൂട്ടായ്മ, സേവനം എന്നീ ത്രിതല ദിശയിൽ മുന്നേറാൻ പ്രചോദനം പകർന്ന പാപ്പാ ആദ്യം നവീകരണത്തെക്കുറിച്ച് പരാമർശിച്ചു. ദൈവജനത്തിൻറെ ആവശ്യത്തിന് മതിയാകാതെ വന്നപ്പോൾ പുരാതന കോൺസ്റ്റൻറയിൻ ദേവാലയം, അതായത് വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്ക പൊളിച്ചു പണിയാൻ തുടങ്ങിയ സമയത്ത്, ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന ഒരു ദേവാലയത്തിലായിരുന്നു വിശുദ്ധ ഗയെത്താനൊയും കൂട്ടരും വ്രതവാഗ്ദാനം നടത്തിയതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും നിർമ്മാണ പദ്ധതിയിൽ വ്യക്തത ഇല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കിലും സാവധാനമാണെങ്കിൽ പോലും നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നുവെന്നും വിശദീകരിച്ചുകൊണ്ട് പാപ്പാ നവീകരണത്തിൻറെ പ്രസക്തി എടുത്തുകാട്ടി.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ നിർമ്മാണത്തിൽ വിഖ്യാത കലാകാരന്മാർ, കരകൗശല വിദഗ്ദ്ധർ, തൊഴിലാളികൾ എന്നിങ്ങനെ ആയിരക്കണക്കിനാളുകളുടെ സംഘാതമായ പ്രവർത്തനം ഉണ്ടായിരുന്നുവെന്ന് പാപ്പാ കൂട്ടായ്മയെക്കുറിച്ച് പരാമർശിക്കവെ പ്രസ്താവിച്ചു. സേവനം എന്ന മൂന്നാമത്തെ മാനത്തെക്കുറിച്ച് വിശകലനം ചെയ്യവെ പാപ്പാ ആളുകൾ കൈയ്യുംകെട്ടി ജോലിചെയ്യാതെ നിന്നാൽ പദ്ധതികൾ എത്ര മനോഹരങ്ങളാണെങ്കിലും അവയൊന്നും സാക്ഷാത്ക്കരിക്കപ്പെടില്ലെന്നും നല്ല നിർദ്ദേശങ്ങളാണെങ്കിലും അവ ഫലരഹിതങ്ങളാകുമെന്നും വിശദീകരിച്ചു.