അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടത്തിൽ പാപ്പുവ ന്യൂ ഗിനിയയിൽ ഫ്രാൻസിസ് മാർപാപ്പ എത്തി. 3,00,000 ആളുകളാണ് രാജ്യത്തെ എല്ലാ രൂപതകളിൽനിന്നുമായി പാപ്പായെ കാണാനെത്തിയിരിക്കുന്നത്. അവരിൽ ചിലർ പാപ്പയെ കാണാൻ എത്തിയത് മൂന്നാഴ്ചയോളം കാൽനടയായി സഞ്ചരിച്ചാണ്.

കത്തോലിക്കാ സഭയുടെ 1,126 മിഷൻ പ്രദേശങ്ങളിൽ ഒന്നാണ് പാപ്പുവ ന്യൂ ഗിനിയ. ഈ പ്രദേശത്ത് ആദ്യമായി സുവിശേഷം പങ്കുവയ്ക്കപ്പെട്ടത് 1889-ലാണ്. ഇപ്പോൾ ജനസംഖ്യയുടെ 30% ആളുകളും കത്തോലിക്കരാണ്. ഇത് ഓരോ വർഷവും 40,000 എന്ന തോതിൽ വർധിക്കുകയാണ്. രാജ്യത്തെ 19 രൂപതകളിലായി 600 വൈദികർ 400 ഇടവകകളിലായി പ്രവർത്തിക്കുന്നുണ്ട്. അനാഥാലയങ്ങൾ, ആശുപത്രികൾ എന്നിങ്ങനെ 800-ലധികം സാമൂഹികസ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്യുന്നു. സ്പെയിനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ നൽകിയ കണക്കുകൾപ്രകാരം, കത്തോലിക്കാ സഭയ്ക്ക് പ്രദേശത്ത് ഏകദേശം 3,500 സ്കൂളുകളുണ്ട്.

സെപ്റ്റംബർ ആറിന് പോർട്ട് മോറെസ്ബിയിലെ ജാക്സൺസ് എയർപോർട്ടിൽ ഏകദേശം ആറു മണിക്കൂർ വ്യോമയാത്രയ്ക്കുശേഷമാണ് പാപ്പ എത്തിയത്. പോർട്ട് മോറെസ്ബിയിൽ താമസിക്കുന്ന അവസരത്തിൽ മാർപാപ്പ ഗവർണർ, മറ്റ് അധികാരികൾ, നയതന്ത്ര സേനാംഗങ്ങൾ, പ്രധാനമന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്നു പ്രതീക്ഷിക്കുന്നു. വത്തിക്കാൻ റിപ്പോർട്ടുകളനുസരിച്ച്, പാപ്പുവ ന്യൂ ഗിനിയയിൽ പാപ്പ തെരുവുകുട്ടികളെ സന്ദർശിക്കുകയും രാജ്യത്തെ ബിഷപ്പുമാരുമായും മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും പതിവുപോലെ വിശുദ്ധ കുർബാനയോടെ സന്ദർശനം അവസാനിപ്പിക്കുകയും ചെയ്യും.

സെപ്റ്റംബർ 8 ഞായറാഴ്ച, വടക്കുപടിഞ്ഞാറൻ പാപ്പുവ ന്യൂ ഗിനിയയിലെ സാൻഡൗൺ പ്രവിശ്യയുടെ തലസ്ഥാനമായ വാനിമോയിലേക്ക് പാപ്പ യാത്ര തിരിക്കും.