ദൈവത്തിലുള്ള വിശ്വാസം ലോകത്തിൽ സ്നേഹത്തെ ചലിപ്പിക്കുന്ന ഒരു ശക്തിയാണെന്ന് അനുസ്മരിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി അഞ്ചിന് വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ വി. ലൂക്കായുടെ സുവിശേഷത്തിലെ മറിയത്തിന്റെ സന്ദർശനം ഉൾപ്പെടുന്ന വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് മാർപാപ്പ വിശ്വാസികളെ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്.

“പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവത്തിന്റെ സ്നേഹം സ്വീകരിക്കാനും മറ്റുള്ളവർക്ക് കൈമാറാനും തുറവിയുള്ളവരായിരിക്കാം. സ്നേഹത്തെ ചലിപ്പിക്കുന്ന ശക്തി മറിയം അനുഭവിക്കുന്നതുകൊണ്ട് തന്റെ ബന്ധുവായ എലിസബത്തിനെ സഹായിക്കാൻ മറിയം തിടുക്കത്തിൽ പുറപ്പെടുന്നു. അത് അസാധ്യമായ കാര്യങ്ങളിൽ ദൈവത്തിലുള്ള മറിയത്തിന്റെ വിശ്വാസത്തെയും വാഗ്ദാനപൂർത്തീകരണത്തിനുള്ള അവളുടെ പ്രത്യാശയെയും പങ്കുവയ്ക്കാനായിരുന്നു” – വചനഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് മാർപാപ്പ പങ്കുവച്ചു. മറിയം വരാനിരിക്കുന്ന കാലത്തിന്റെ കൃപയെക്കുറിച്ചാണ് പാടുന്നതെന്ന് പറഞ്ഞുകൊണ്ട് രക്ഷാകരചരിത്രത്തിലെ മറിയത്തിന്റെ സ്തോത്രഗീതത്തെയും പരിശുദ്ധ പിതാവ് സന്ദേശത്തിൽ പരാമർശിച്ചിരുന്നു.

യുദ്ധത്തിന്റെ ക്ളേശങ്ങളിൽ കഴിയുന്ന രാജ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാനും മറിയത്തെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാനും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.