യുദ്ധമേഖലയിൽ സേവനമനുഷ്ഠിക്കുന്ന പുരോഹിതന്മാർക്കും സന്യാസിനിമാർക്കും നന്ദിപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി അഞ്ചിന് വത്തിക്കാനിൽവച്ചു നടന്ന പൊതുകൂടികാഴ്ചയുടെ സമാപനത്തിലാണ്, യുദ്ധങ്ങളാൽ സംഘർഷഭരിതമായ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പുരോഹിതന്മാർക്കും സന്യാസിമാർക്കും മാർപാപ്പ നന്ദിയർപ്പിച്ചത്.

“പലസ്തീനിൽനിന്നും കുടിയിറക്കപ്പെട്ട എല്ലാ ജനങ്ങളെയും നമുക്ക് ഓർക്കാം. അവർക്കുവേണ്ടി പ്രാർഥിക്കാം” എന്ന് പറഞ്ഞുകൊണ്ട് യുദ്ധങ്ങളാൽ തകർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ പ്രത്യേകിച്ച് ഉക്രൈൻ, മിഡിൽ ഈസ്റ്റ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ ധീരതയോടെ സേവനമനുഷ്ഠിക്കുന്ന എല്ലാ പുരോഹിതർക്കും സന്യാസിനിമാർക്കും മാർപാപ്പ നന്ദി പറഞ്ഞു.

പൊതുകൂടിക്കാഴ്ചയുടെ അവസാനം അപ്പസ്തോലിക ആശീർവാദം നൽകുന്നതിനുമുൻപ് പരിശുദ്ധ പിതാവ് യുവാക്കളെയും രോഗികളെയും വൃദ്ധരെയും നവദമ്പതികളെയും അഭിവാദനം ചെയ്യുകയും പ്രത്യാശയിൽ ആനന്ദിക്കാനും പ്രതിസന്ധികളിൽ ശക്തരാകാനും പ്രാർഥനയിൽ സ്ഥിരത പുലർത്തുന്നവരാകാനും ദരിദ്രരായ സഹോദരങ്ങളെ സഹായിക്കുന്നതിൽ സ്വയം സമർപ്പിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു.