കുട്ടികളുടെ ജീവിതവും, അന്തസ്സും അവരുടെ അവകാശങ്ങളും ലോകമെമ്പാടും മാനിക്കപ്പെടണമെന്ന് ലോകനേതാക്കളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് വത്തിക്കാനിൽ നടന്ന പ്രഥമ ആഗോളഉന്നതതലസമ്മേളനത്തിൽ സംസാരിക്കവെയാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർന്നുവരുന്ന സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങളും യുദ്ധങ്ങളും മൂലം നിരവധി കുട്ടികളാണ് ദാരിദ്ര്യത്തിന്റെ ഇരകളായി മാറുന്നതെന്നും, സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരാകുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ലോകം പുരോഗതി പ്രാപിച്ചുവരികയാണെന്ന് നാം അഭിമാനിക്കുന്നതിനിടയിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ പട്ടിണിയനുഭവിക്കുന്നുണ്ടെന്നും, അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും ഇരകളാകുന്നുണ്ടെന്നും പലർക്കും വിദ്യാഭ്യാസം പോലും ലഭ്യമാകുന്നില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അധികാരത്തിന്റെയും ആശയങ്ങളുടെയും ദേശീയചിന്തകളുടെയും പിന്നിൽ ഒരുപാട് കുട്ടികൾ ബോംബുകൾക്ക് ഇരകളാകുന്നത് നമുക്ക് അംഗീകരിക്കാനാകില്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ലോകമനഃസാക്ഷിക്ക് മുന്നിൽ ചോദ്യമുയർത്തി, ഇന്നും ശൈശവഅടിമത്തവും, വിവിധ തരത്തിലുള്ള ചൂഷണങ്ങളും, മനുഷ്യക്കച്ചവടവും, ശൈശവവിവാഹങ്ങളും നടക്കുന്നുണ്ടന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്ത് ഏതാണ്ട് നാല് കോടിയോളം കുട്ടികളാണ് കുടിയിറക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. മ്യാൻമറിലെ റോഹിൻഗ്യ കുട്ടികളുടെ കാര്യം പാപ്പാ പ്രത്യേകം പരാമർശിച്ചു.

ഭ്രൂണഹത്യയെന്ന തിന്മയ്‌ക്കെതിരെയും പാപ്പാ ശബ്‍ദമുയർത്തി. വലിച്ചെറിയൽ സംസ്കാരത്തിന്റെ ഭാഗമാണ്, കുട്ടികളുടെ ജീവനെ അവഗണിച്ചുകൊണ്ടുള്ള ഇത്തരം പ്രവർത്തങ്ങളെന്ന് പാപ്പാ കുറ്റപ്പെടുത്തി. സമൂഹത്തിന്റെ പ്രത്യാശയുടെ ഉറവിടമാണ് ഇതുവഴി ഇല്ലാതാകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട്, വത്തിക്കാനിൽ വിളിച്ചുചേർത്തിരിക്കുന്ന ഈ ആഗോളഉച്ചകോടിസമ്മേളനം കുട്ടികൾക്ക് മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള പ്രവർത്തങ്ങളിൽ സഹായമാകുമെന്ന് പാപ്പാ പ്രതീക്ഷ പ്രകടിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങളും സ്വപ്നങ്ങളും പ്രധാനമായി കരുതുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുണ്ടാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.