പതിറ്റാണ്ടുകളുടെ കഷ്ടപ്പാടുകൾ, അധിനിവേശം, അടിച്ചമർത്തലുകൾ എന്നിവയുടെ മധ്യത്തിൽ ദൈവത്തിലുള്ള അചഞ്ചലമായ പ്രതീക്ഷയും, വിശ്വാസവും കാത്തുസൂക്ഷിച്ച എസ്തോണിയായിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ പിതൃവാത്സല്യത്തോടെ കത്തയച്ചു. എസ്തോണിയയിലെ അപ്പസ്തോലിക അജപാലനഭരണം ആരംഭിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പാപ്പാ കത്തെഴുതിയത്. സോവിയറ്റ് പീഡനത്തിന് ഇരയായ ഇശോസഭ ആർച്ച് ബിഷപ്പ് പ്രോഫിറ്റ്‌ലിച്ചിനെയും പാപ്പാ പ്രത്യേകം കത്തിൽ അനുസ്മരിച്ചു.

2018 ൽ പാപ്പാ നടത്തിയ അപ്പസ്തോലിക യാത്രയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നതോടൊപ്പം, ഇന്ന് യൂറോപ്യൻ ഭൂഖണ്ഡം നേരിടുന്ന യുദ്ധത്തിന്റെ വെല്ലുവിളികളെപ്പറ്റിയും പാപ്പാ കത്തിൽ എടുത്തുപറയുന്നു. സമാധാനം, നീതി, ഐക്യദാർഢ്യം, എല്ലാ മനുഷ്യരുടെയും അന്തസ്സ് എന്നിവയിൽ വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. അതുപോലെ, ദൈവത്തിൻ്റെ വാഗ്ദാനങ്ങൾക്ക് ഒരു ഏകീകൃത സാക്ഷ്യം നൽകുന്നതിന് മറ്റ് ക്രിസ്ത്യൻ സമൂഹങ്ങളിലെ  സഹോദരങ്ങളുമായി  കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പാപ്പാ എസ്തോണിയയിലെ വിശ്വാസികളെ ക്ഷണിക്കുന്നു.

ചെറുതും എന്നാൽ ഊർജ്ജസ്വലവുമായ ഈ സഭയെ അനുകമ്പയുടെയും ആത്മീയ പോഷണത്തിൻ്റെയും ഉറവിടമാക്കാൻ, കത്തോലിക്ക വിശ്വാസത്തോടുള്ള ഉറച്ച വിശ്വസ്തതയുടെ ഒരു നൂറ്റാണ്ടിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും, അത് ചരിത്രത്തിൽ പ്രത്യേകം  അടയാളപ്പെടുത്തപ്പെടുമെന്നും പാപ്പാ കത്തിൽ രേഖപ്പെടുത്തി.

എസ്തോണിയയിലെ കത്തോലിക്കാ സമൂഹത്തെ പോഷിപ്പിക്കുന്നതിലും പിന്തുണക്കുന്നതിലും നിർണ്ണായകരായ ധീരരും പ്രതിരോധശേഷിയുള്ളവരുമായ പൂർവ്വികർ നൽകിയ  വിശ്വാസത്തിൻ്റെ മാതൃകയ്ക്ക് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു. സോവിയറ്റ് പീഡനത്തിന് ഇരയായി മരണം വരിച്ച മുൻ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ  ദൈവദാസനായ എഡ്വേർഡ് പ്രോഫിറ്റ്ലിച്ചിനെ പാപ്പാ സ്മരിച്ചതോടൊപ്പം, അദ്ദേഹത്തിന്റെ സാക്ഷ്യം എപ്പോഴും നിങ്ങൾക്ക് പ്രചോദനത്തിൻ്റെ ഉറവിടമായിരിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

സുവിശേഷവൽക്കരണത്തിനുള്ള നവീനമായ തീക്ഷ്ണത, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ വളർന്നുവരുന്നതിനെ പാപ്പാ പ്രത്യേകം പ്രശംസിച്ചു. ദൈവത്തിൻ്റെ സ്നേഹവും കരുണയും അനുരഞ്ജനവും ദൈവത്തിൽ പോലും വിശ്വസിക്കാത്ത ഇന്നത്തെ അനേകർക്ക് പ്രദാനം ചെയ്യുവാൻ സാധിക്കട്ടെയെന്നും പാപ്പാ പറഞ്ഞു.