ദുർബലരായ ഓരോരുത്തരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ചുകൊണ്ട്, സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ദരിദ്രർക്കും, അശരണർക്കും വേണ്ടി സേവനം ചെയ്യുന്ന, ‘ഇഗ്ലേസിയാസ് ഹോസ്പിത്താൽ ദേ കംപാഞ്ഞ’ എന്ന കൂട്ടായ്മയിലെ അംഗങ്ങളുമായി നവംബർ മാസം നാലാം തീയതി തിങ്കളാഴ്ച്ച ഫ്രാൻസിസ് പാപ്പാ, വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച നടത്തി. അവർക്കു നൽകിയ സന്ദേശത്തിൽ, പ്രത്യേകം  നന്ദി പറഞ്ഞ പാപ്പാ, സഭയുടെ മുഖം, കാരുണ്യത്തിന്റെ മുഖമാണെന്നു ഒരിക്കൽ കൂടി അടിവരയിട്ടു പറഞ്ഞു.

തുടർന്ന്, വാക്കുകളേക്കാൾ ഉപരി പ്രവൃത്തികളിലൂടെ ജനത്തെ സ്വാഗതം ചെയ്യുക , ദരിദ്രരിലും കുടിയേറ്റക്കാരിലും ക്രിസ്തുവിനെ  സ്വാഗതം ചെയ്യുക, ക്രിസ്തുവിനെ പങ്കുവയ്ക്കുക, അസമത്വങ്ങൾ പരിഹരിക്കുക, പ്രത്യാശ വിതയ്ക്കുക എന്നീ ക്രൈസ്തവജീവിതത്തിന്റെ തത്വങ്ങളും ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു. ദരിദ്രരിൽ, സ്വയം ദാരിദ്ര്യം സ്വീകരിച്ച ക്രിസ്തുവിന്റെ മുഖം ദർശിക്കുവാനും, ക്രിസ്തുവിനെ പങ്കുവയ്ക്കുവാനും കൂട്ടായ്‍മയിലെ അംഗങ്ങൾ നടത്തുന്ന പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിക്കുകയും, തുടർന്നും ഈ സേവനങ്ങൾ നടത്തുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ധനികരും, ദരിദ്രരും  തമ്മിലുള്ള അസമത്വങ്ങൾ പരിഹരിക്കപ്പെടണമെന്നും, ഇത്തരം അനീതികൾ ദൈവം ആഗ്രഹിക്കുന്നില്ലെന്നും പാപ്പാ  പറഞ്ഞു. അസമത്വങ്ങൾ പരിഹരിച്ചുകൊണ്ട് സാമൂഹിക ഘടന പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും, മറ്റുള്ളവരുടെ കഷ്ടപ്പാടുകളോട് നിസ്സംഗത പാലിക്കാൻ ആർക്കും കഴിയില്ലെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

അവസാനമായി, പാർശ്വവത്‌കരിക്കപ്പെട്ടവരെ സ്വന്തം കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ ചേർത്തു നിർത്തുവാനും, പ്രതീക്ഷ നൽകിക്കൊണ്ട് അവരെ സഹായിക്കുവാനും പാപ്പാ ആഹ്വാനം ചെയ്‌തു. അഭയാർത്ഥികൾ, യുദ്ധത്തിന്റെ ഇരകൾ, എന്നിങ്ങനെ അടിച്ചമർത്തപ്പെടുന്നവരെ പ്രത്യേകം പാപ്പാ പരാമർശിച്ചു. ദൈവത്തിലാടിസ്ഥാനം ഉറപ്പിക്കുന്ന ക്രൈസ്തവ പ്രത്യാശ മറ്റെന്തിനേക്കാളും മേന്മയേറിയതാണെന്നും പാപ്പാ പറഞ്ഞു.