ദൈവീക കൃപകൾ പ്രത്യേകമായ രീതിയിൽ സ്വീകരിക്കുവാൻ നമ്മെ ക്ഷണിക്കുന്ന ഈ ജൂബിലി വർഷത്തിൽ, പോളണ്ടിലെ ബ്രെസ്ലാവിയയിൽ നിന്നുള്ള രക്തപ്രതിപാദന- കാൻസർ ആശുപതിയിലെ രോഗികളായ കുട്ടികളെ സ്വീകരിക്കുന്നതിൽ തനിക്കുള്ള സന്തോഷം എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. രോഗികളായ കുഞ്ഞുങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണെന്നും, ഈ പ്രത്യാശ നമ്മെ നിരാശപ്പെടുത്തുകയില്ലെന്നും പാപ്പാ പറഞ്ഞു. നമ്മുടെ കഷ്ടപ്പാടുകൾ സ്വയം ഏറ്റെടുത്ത യേശുവിന്റെ സ്നേഹത്താൽ, നാം അവനുമായി വേദനയുടെ നിമിഷങ്ങളിൽ ഐക്യപ്പെടുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
സൗഹൃദത്തിൽ പരസ്പരം സന്തോഷം മാത്രമല്ല, വേദനകളും പങ്കുവയ്ക്കണമെന്നും, ഇതിനാലാണ് യേശു തന്റെ ശിഷ്യന്മാരെ, സ്നേഹിതരെന്നു അഭിസംബോധന ചെയ്തതെന്നും പാപ്പാ പറഞ്ഞു. യേശുവിന്റെ സ്നേഹിതന്മാരായി ഓരോരുത്തരും മാറുവാനും കുഞ്ഞുങ്ങളെ പാപ്പാ ക്ഷണിച്ചു. നിങ്ങളുമായുള്ള യേശുവിന്റെ സൗഹൃദത്തിന്റെ മറ്റൊരു തെളിവ് നിങ്ങളുടെ മാതാപിതാക്കളുടെ സ്നേഹവും നിരന്തരമായ സാന്നിധ്യവും, ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടെയും സൗമ്യവും ആർദ്രവുമായ പുഞ്ചിരിയുമാണെന്നു പാപ്പാ പറഞ്ഞു.
കുഞ്ഞുങ്ങളെ സുഹൃത്തുക്കൾ എന്ന് അഭിസംബോധന ചെയ്യുവാൻ താനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, തന്റെ ഉദ്ദേശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു. ചികിത്സയ്ക്കുവേണ്ടിയുള്ള സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന കുട്ടികളെ സ്മരിക്കണമെന്നും, അവരോട് ചേർന്നുനിന്നുകൊണ്ട് അവർക്കായി പ്രാർത്ഥിക്കണമെന്നും പാപ്പാ പറഞ്ഞു.