ലോകഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 16 ബുധനാഴ്ച യുദ്ധമെന്ന തിന്മയ്‌ക്കെതിരെ ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്. സൈനികചിലവുകൾക്കായി ഉപയോഗിക്കപ്പെടുന്ന പണം പട്ടിണി മാറ്റാനും വിദ്യാഭ്യാസകാര്യങ്ങൾക്കായും ഉപയോഗിക്കാൻ പാപ്പായുടെ ആഹ്വാനം.

യുദ്ധം മാനവികതയുടെ വിരൂപതയെ വ്യക്തമാക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. സാമൂഹ്യമാധ്യമമായ എക്‌സിൽ ഒക്ടോബർ 16-ന് കുറിച്ച സന്ദേശത്തിലൂടെയാണ് യുദ്ധത്തിന്റെ ദൂഷ്യതകളെക്കുറിച്ച് പാപ്പാ പ്രസ്താവന നടത്തിയത്.

യുദ്ധോപകരണങ്ങളുടെ യുക്തിയെ തള്ളിക്കളയേണ്ടതിന്റെയും, പട്ടിണി, ആരോഗ്യപരിപാലനമേഖലയിലെ കുറവുകൾ, വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥ എന്നിവ അവസാനിപ്പിക്കാനായി പൊതുസമ്പത്തുപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുകാട്ടി.

“സ്വാർത്ഥത, അക്രമാസക്തി, കപടത തുടങ്ങിയ മാനവികതയുടെ ഏറ്റവും വിരൂപമായ മുഖം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ  ഉയർന്നുവരുന്നു. സൈനികചിലവുകൾക്കായുള്ള വലിയ തുക, പട്ടിണി, ആരോഗ്യപരിരക്ഷണരംഗത്തും വിദ്യാഭ്യാസരംഗത്തുമുള്ള കുറവുകൾ എന്നിവയ്‌ക്കെതിരെ പോരാടാൻ ഉപയോഗിച്ചുകൊണ്ട് ആയുധങ്ങളുടെ യുക്തിയെ നമുക്ക് നിരാകരിക്കാം” എന്നായിരുന്നു പാപ്പാ എഴുതിയത്.

ലോകഭക്ഷ്യദിനം ആചരിക്കപ്പെടുന്ന ഇതേ ദിനത്തിൽ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ വച്ച് യുദ്ധഭീകരതയെക്കുറിച്ചും സമാധാനശ്രമങ്ങളുടെ ആവശ്യത്തെക്കുറിച്ചും പാപ്പാ സംസാരിച്ചിരുന്നു.