ലോകത്തിൻറെ പ്രശ്നങ്ങളിൽ മുഴുകുകയും പ്രാർത്ഥനയിൽ ദൈവവുമായി മല്ലിടുകയും ചെയ്യുകയാണ് ഈശോസഭാംഗങ്ങളുടെ മുഖ്യദൗത്യമെന്ന് പാപ്പാ.
സെപ്റ്റംബർ 26-29 വരെ ലക്സംബർഗ്,ബെൽജിയം എന്നിവിടങ്ങളിൽ നടത്തിയ ഇടയസന്ദർശന വേളയിൽ ഫ്രാൻസീസ് പാപ്പാ 28-ന് ബ്രസ്സൽസിൽ വച്ച് ബെൽജിയം, ലക്സംബർഗ്, നെതർലാൻറ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറ്റിയമ്പതോളം ഈശോസഭാംഗങ്ങളുമായി നടത്തിയ സംഭാഷണവേളയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് നല്കിയ മറുപടികൾ സമാഹരിച്ച് ഈശോസഭയുടെ ദ്വൈവാരികയായ “ല ചിവിൽത്താ കത്തോലിക്ക”യിൽ അതിൻറെ മുൻ മേധാവിയും വത്തിക്കാൻറെ സാംസ്കാരിക-വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ ഉപകാര്യദർശിയുമായ ഈശോസഭാ വൈദികൻ അന്തോണിയൊ സ്പദാറൊ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
ഈശോസഭാംഗം ഒന്നിനെയും ഭയപ്പെടണ്ടതില്ലെന്നും അവൻ ധൈര്യത്തിൻറെ രണ്ട് രൂപങ്ങൾക്കിടയിലുള്ള പിരിമുറുക്കത്തിലാണെന്നും പറഞ്ഞ പാപ്പാ പ്രാർത്ഥനയിൽ ദൈവത്തെ അന്വേഷിക്കാനുള്ള ധൈര്യവും അതിരുകളിലേക്ക് പോകാനുള്ള ധൈര്യവും ആണ് ഈ രണ്ടു രൂപങ്ങളെന്ന് വ്യക്തമാക്കി. ഇതിനെ പാപ്പാ കർമ്മനിരതമായ ധ്യാനാത്മകതയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
വിശ്വാസത്തെ സംസ്ക്കാരത്തിലേക്കു സന്നിവേശിപ്പിക്കുന്നതിനെയും സംസ്കാരത്തെ സുവിശേഷവത്ക്കരിക്കുന്നതിനെയും കുറിച്ച് പരാമർശിച്ച പാപ്പാ അവ രണ്ടും തോളോടുതോൾ ചേർന്നു പോകേണ്ടതാണെന്ന് ഉദ്ബോധിപ്പിച്ചു. വൈദികൻ സമൂഹത്തിൻറെ ശുശ്രൂകനായിരിക്കണമെന്നും വൈദികനെക്കാൾ പ്രാധാന്യം സമൂഹത്തിനാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും പരാമർശ വിഷയമായി. കുടിയേറുന്ന വ്യക്തി സ്വാഗതം ചെയ്യപ്പെടുകയും സമൂഹജീവിതത്തിൽ ഉൾച്ചേർക്കപ്പെടുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടി.