ജക്കാർത്ത (ഇൻഡൊനീഷ്യ): സൗഹൃദ ടണൽ അഥവാ ടണൽ ഓഫ് ഫ്രണ്ട്ഷിപ്പിന്റെ കവാടത്തിൽവെച്ച് ഫ്രാൻസിസ് മാർപാപ്പയും ഇൻഡൊനീഷ്യയിലെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറും ചേർന്ന് മതനേതാക്കളെ സ്വീകരിച്ചപ്പോൾ അത് ചരിത്രമായി. വെളിച്ചത്തിലേക്കുള്ള തുരങ്കമെന്നാണ് ടണൽ ഓഫ് ഫ്രണ്ട്ഷിപ്പിനെ മാർപാപ്പ വിശേഷിപ്പിച്ചത്. മതസൗഹാർദം അത്രമേൽ ഊട്ടി ഉറപ്പിക്കുന്ന ഒരു തുരങ്കം. എന്താണ് ടണൽ ഓഫ് ഫ്രണ്ട്ഷിപ്പ്?
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ജക്കാർക്കത്തയിലെ ഇസ്തിഖ്ലാൽ മോസ്കിനേയും സെന്റ് മേരി ഓഫ് അസംപ്ഷൻ കത്തീഡ്രലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കമാണ് ടണൽ ഓഫ് ഫ്രണ്ട്ഷിപ്പ്. 2020 ഡിസംബർ 15-ന് ആരംഭിച്ച തുരങ്ക നിർമാണം പൂർത്തിയായത് 2021 സെപ്തംബറിലാണ്.
തുരങ്കത്തിന് 28.3 മീറ്റർ നീളവും മൂന്ന് മീറ്റർ ഉയരവും 4.1 മീറ്റർ വീതിയുമുണ്ട്. ഹസ്തദാനം ചെയ്യുന്നതിന്റെ മാതൃകയിലാണ് തുരങ്കത്തിന്റെ ഉൾവശം രൂപകൽപന ചെയ്തിരുക്കുന്നത്. 226 ചതുരശ്രമീറ്ററാണ് ഇതിന്റെ ആകെ വിസ്തീർണം. 37.3 ബില്യൺ ഇൻഡൊനീഷ്യൻ റുപിയ ചിലവിട്ടാണ് സർക്കാർ തുരങ്കം നിർമിച്ചത്.
മതപരമായ അവധിദിനങ്ങളിലും മറ്റ് ആഘോഷങ്ങളിലും രണ്ട് ആരാധനാലയങ്ങളിലേക്കും വിശ്വാസികൾ കുടുതലായി എത്തുമ്പോൾ ഉണ്ടാകുന്ന പാർക്കിങ് പ്രശ്നങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് തുരങ്കം നിർമിച്ചത്. തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് പള്ളിയുടെയും മോസ്കിന്റെയും പാർക്കിങ് ഏരിയയിൽ വാഹനം നിർത്തിയിടാം.