എഡിജിപിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. എഡിജിപി എം ആർ അജിത്കുമാറിൻ്റെ ആർഎസ്എസ് സമ്പർക്കങ്ങൾക്കെതിരെ ലേഖനമെഴുതുകയും പ്രതികരിക്കുകയും ചെയ്ത പ്രകാശ് ബാബുവിൻ്റെ നടപടിയെ വ്യാഴാഴ്ച ചേർന്ന നിർവാഹകസമിതി യോഗത്തിൽ ബിനോയ് വിശ്വം വിമർശിച്ചു.

സിപിഐക്ക് പാർട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കൾ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞതായാണ് വിവരം. ജനയു​ഗത്തിൽ ലേഖനമെഴുതിയത് സംസ്ഥാന സെക്രട്ടറിയോടുപറഞ്ഞതിന് ശേഷമാണെന്ന് പ്രകാശ് ബാബു കമ്മിറ്റിയിൽ പറഞ്ഞു. എന്നാൽ പാർട്ടി സെക്രട്ടറിയെക്കൂടാതെ മറ്റുവക്താക്കൾ വേണ്ടെന്ന നിലപാടിലാണ് ബിനോയ് വിശ്വം. കഴിഞ്ഞ ദിവസത്തെ നിർവ്വാഹക സമിതിയിലാണ് രണ്ടു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. 

അതേസമയം, എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് നൽകും. എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.