എറണാകുളം കത്തീഡ്രൽ ബസിലിക്ക, തൃപ്പൂണിത്തുറ ഫൊറോനാ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വൈദികരെ ചുമതലകളിൽനിന്ന് ഒഴിവാക്കി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളൻ, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപറമ്പിൽ, പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി വികാരി ഫാ. തോമസ് വാളൂക്കാരൻ, മാതാനഗർ വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ബെന്നി പാലാട്ടി എന്നിവരെ മേൽപറഞ്ഞ പള്ളികളുടെ ഭരണ ചുമതലകളിൽനിന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ഒഴിവാക്കി.
മറ്റൊരു ഉത്തരവ് ലഭിക്കുന്നതുവരെ നിലവിലെ പള്ളികളിൽ താമസിക്കുന്നതിനുള്ള വിലക്കും, ആത്മീയവും അജപാലനപരവുമായ ചുമതലകളിൽനിന്നും കൂദാശാപരികർമ്മങ്ങളിൽനിന്നും ഭരണപരമായ ഉത്തരവാദിത്തങ്ങളിൽനിന്നും പ്രസ്തുത വൈദികരെ പൂർണ്ണമായും ഒഴിവാക്കിയുമാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കല്പന നൽകിയിരിക്കുന്നത്.
യഥാക്രമം തൃക്കാക്കര വിജോഭവൻ, പൊതി സാന്തോംഭവൻ, കലൂർ റിന്യൂവൽ സെന്റർ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാനാണ് വൈദികരോട് നിഷ്കർഷിച്ചിരിക്കുന്നത്. ഈ വൈദികർക്ക് ലഭിച്ചിരിക്കുന്ന കല്പനയ്ക്കു വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന പക്ഷം കൂടുതൽ കർശനമായ സഭാനടപടികളിലേക്ക് നീങ്ങും എന്ന മുന്നറിയിപ്പും അവർക്ക് നൽകിയിട്ടുണ്ട്.
ഈ വൈദികർക്ക് അവർ നീക്കം ചെയ്യപ്പെട്ട പള്ളികൾ, അവയോടനുബന്ധിച്ചുള്ള സ്ഥാപനങ്ങൾ, കപ്പേളകൾ എന്നിവിടങ്ങളിൽ കുർബാന അർപ്പിക്കുന്നതിനോ കൂദാശകൾ പരികർമ്മം ചെയ്യുന്നതിനോ ഭരണപരമായ മറ്റ് ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിനോ അനുവാദമില്ലാത്തതാണ്. മേൽപറഞ്ഞ പള്ളികളിൽ പുതുതായി നിയമിച്ചിരിക്കുന്ന അഡ്മിനിസ്ട്രേറ്റർമാർക്ക് മാത്രമായിരിക്കും ആ പള്ളികളുടെ പൂർണ്ണ അധികാരം ഉണ്ടായിരിക്കുക.
അഡ്മിനിസ്ട്രേറ്റർമാരെ അവരുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്തുന്നതും, കല്പനയ്ക്കു വിരുദ്ധമായി പള്ളികളിൽ തുടരുന്നതും ഗൗരവമായ അച്ചടക്ക ലംഘനവും സഭാധികാരികളോടും സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയായും പരിഗണിക്കപ്പെടുന്നതാണെന്നും, മാറ്റിനിർത്തപ്പെടുന്ന കാലയളവ് അനുതാപത്തിനും വീഴ്ചകൾ തിരിച്ചറിഞ്ഞ് തെറ്റുതിരുത്തുന്നതിനും അനുരഞ്ജനത്തിനുമുള്ള അവസരമായികാണണമെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ തന്റെ കല്പനയിലൂടെ അവരോട് നിർദ്ദേശിച്ചിട്ടുണ്ട്.