മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ തിയേറ്ററുകളിലേക്കെത്തുകയാണ്. മാർച്ച് 27-നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വമ്പൻ താരനിര അണിനിരന്ന എമ്പുരാന്റെ ടീസർ റിലീസും വലിയ ചർച്ചയായിരുന്നു. പിന്നാലെ സിനിമയെക്കുറിച്ചും അതിലെ പല താരങ്ങളുടെയും കാമിയോയെ കുറിച്ചുമെല്ലാം പല അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ്.
ടീസർ കണ്ടിട്ടുള്ള ആളുകളുടെ പ്രതീക്ഷയെല്ലാം മാർച്ച് 27-ാം തീയതി സഫലമാകട്ടെയെന്ന് പൃഥ്വി പറഞ്ഞു. 2019-ൽ ലൂസിഫർ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറു വർഷത്തോളം സമയമെടുത്തതിനു പിന്നിൽ കോവിഡ് മഹാമാരിയാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ താൻ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020-ന്റെ തുടക്കത്തിൽ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നതായിരുന്നു. പിന്നെയാണ് കോവിഡ് വരുന്നതും തങ്ങളുടെ പദ്ധതികളെല്ലാം തകിടംമറിയുന്നതെന്നും പൃഥ്വി വ്യക്തമാക്കി.
2019-ൽ ലൂസിഫർ ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും എന്നാൽ കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ സിനിമ വ്യവസായത്തിൽ സംഭവിച്ച മാറ്റമാണ് ഇപ്പോൾ എമ്പുരാൻ അഞ്ച് ഭാഷകളിൽ എടുക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 200 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണോ ലൂസിഫർ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാമെന്നുമാത്രമാണ് താരം കൂട്ടിച്ചേർത്തത്.
അതേസമയം ഡയറക്ട് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള നടൻ മോഹൻലാലാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. ”ഞാൻ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. അതിലെ എനിക്കേറ്റവും കംഫർട്ട് ആയിരുന്ന നടൻ മോഹൻലാൽ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാൻ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളിൽ ഏറ്റവും എളുപ്പത്തിൽ ഡയറക്ട് ചെയ്യാൻ സാധിച്ചത് അദ്ദേഹത്തെയാണ്.” – പൃഥ്വി പറഞ്ഞു.
ലൂസിഫർ ഹിന്ദിയിൽ സംവിധാനം ചെയ്യുകയാണെങ്കിൽ അതിൽ മോഹൻലാലിന് പകരം ആരെയാകും നായകനാക്കുക എന്ന ചോദ്യത്തിന് ഷാരൂഖ് ഖാൻ എന്നായിരുന്നു പൃഥ്വിയുടെ ഉടനടിയുള്ള മറുപടി.