ഭര​ണ​ഘ​ട​നാ ശി​ൽ​പി ബി.ആർ അം​ബേ​ദ്ക​റെ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ​ അമിത് ഷാ അപമാനിച്ച സംഭവം പാർലമെന്‍റിന് പുറത്തും കത്തിക്കാൻ കോൺഗ്രസ് തീരുമാനം. അമിത് ഷായെ കേന്ദ്ര മന്ത്രി പദത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഇന്നും നാളെയും കോൺഗ്രസ് എം.പിമാരും പ്രവർത്തക സമിതിയംഗങ്ങളും വാർത്താസമ്മേളനങ്ങൾ നടത്തും.

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നാളെ രാഷ്ട്രപതിക്ക് കൂട്ടനിവേദനം നൽകും. സംസ്ഥാനങ്ങളിൽ ജില്ല കലക്ടർമാർ മുഖേന നിവേദനം കൈമാനാണ് തീരുമാനം. ഡിസംബർ 24ന് ‘ബാബാ സാഹിബ് അംബേദ്കർ സമ്മാൻ മാർച്ചുകൾ’ സംഘടിപ്പിക്കുമെന്നും വരുന്ന ആഴ്‌ച ഡോ. അംബേദ്കർ സമ്മാൻ സപ്താഹ് ആയി ആചരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

24ന് കോൺഗ്രസ് പ്രവർത്തകർ അംബേദ്കർ പ്രതിമകളിൽ പുഷ്പാർച്ചന നടത്തുകയും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിൽ മാർച്ച് സംഘടിപ്പിക്കും. മാർച്ചിന്‍റെ മുൻവശത്ത് അംബേദ്കറിന്‍റെ ഭീമാകാരമായ ഛായാചിത്രം പിടിക്കും. അംബേദ്കറിനോടും അദ്ദേഹത്തിന്‍റെ ആദർശങ്ങളോടുമുള്ള പ്രതിബദ്ധത കോൺഗ്രസ് ആവർത്തിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.

ഡിസംബർ 26ന് കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ തുടർ പ്രതിഷേധ പരിപാടികൾക്ക് അന്തിമ രൂപം നൽകും. പ്രവർത്തക സമിതിയോഗത്തോടൊപ്പം കൂറ്റൻ റാലിയും സംഘടിപ്പിക്കും. ഇതോടൊപ്പം, ഇൻഡ്യ മുന്നണിയുടെ യോഗം വിളിച്ച് അംബേദ്കർ വിഷയത്തിൽ കൂട്ടായ പ്രക്ഷോഭം സംഘടിപ്പിക്കാനും കോൺഗ്രസ് നീക്കമുണ്ട്.

രാ​ജ്യ​സ​ഭ​യി​ൽ ര​ണ്ട് ദി​വ​സ​ത്തെ ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​ക്ക് സ​മാ​പ​നം കു​റി​ച്ച് ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് അ​മി​ത് ഷാ ​വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ‘അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ, അം​ബേ​ദ്ക​ർ എ​ന്ന് ഉ​രു​വി​ട്ടു​ കൊ​ണ്ടി​രി​ക്കു​ന്ന​ത് ഇ​പ്പോ​ൾ ഫാ​ഷ​നാ​യി​രി​ക്കു​ന്നു. ഇ​ത്ര​യും ത​വ​ണ ഭ​ഗ​വാ​ന്‍റെ നാ​മം ഉ​രു​വി​ട്ടി​രു​ന്നു​വെ​ങ്കി​ൽ ഏ​ഴ് ജ​ന്മ​ത്തി​ലും സ്വ​ർ​ഗം ല​ഭി​ക്കു​മാ​യി​രു​ന്നു’ -എന്നാണ് അമിത് ഷാ പറഞ്ഞത്.

പ്ര​തി​പ​ക്ഷം അം​ബേ​ദ്ക​റെ നി​ര​ന്ത​രം ഉ​ദ്ധ​രി​ക്കു​ന്ന​തി​നെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രി​ഹാ​സ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ ബെ​ഞ്ച് പ​ങ്കു​ചേ​രു​ക​യും ചെ​യ്തു. അ​മി​ത് ഷാ​യു​ടെ പരാമർശത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അം​ബേ​ദ്ക​റു​ടെ ചി​ത്ര​വു​മേ​ന്തി ‘ജ​യ് ഭീം’ ​മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ഇ​ൻ​ഡ്യ മുന്നണി എം.​പി​മാ​ർ പാർലമെന്‍റിൽ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്‍റ് വളപ്പ് അസാധാരണ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.