കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. സെപ്തംബർ അവസാന വാരത്തിലാണ് പൾസർ സുനിക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ആഢംബരജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം.
ജയിലിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് വിചാരണക്കോടതിയിൽ ഹാജരാകാനെത്തിയ സുനി 7000 രൂപയുടെ ചെരിപ്പും 4000 രൂപയുടെ ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ യാത്ര 30 ലക്ഷത്തിന്റെ കാറിലാണ്.
കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ സുനിയെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. കോടതി നേരിട്ട് ചോദ്യം ചോദിക്കുമ്പോൾ സുനി ആർക്കെങ്കിലും അനുകൂലമായി മറുപടി പറയുമോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിയുടെ ചോദ്യം ചെയ്യൽ ഇന്നലെയും നടന്നു.