ന്യൂഡൽഹി:അനധികൃത കുടിയേറ്റക്കാർ എന്ന് ചാപ്പക്കുത്തി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ ഒരുകാലത്ത് അമേരിക്കയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വേണ്ടി കൂടി അധ്വാനിച്ചവരാണെന്ന് പഞ്ചാബ് എൻ.ആർ.ഐ. അഫയേഴ്സ് മന്ത്രി കുൽദീപ് സിങ് ധാലിവാൾ. ഇവരെ നാടുകടത്തുന്നതിന് പകരം പൗരത്വം നൽകി അവിടെ തുടരാൻ അനുവദിക്കുകയായിരുന്നു ഭരണകൂടം ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിൽ നിന്നുള്ള ആളുകളെല്ലാം തൊഴിൽ രേഖകളുമായി അമേരിക്കയിൽ എത്തിയവരാണ്. പിന്നീട് അതിന്റെ കാലാവധി അവസാനിച്ചതോടെ അവരെയെല്ലാം അനധികൃത കുടിയേറ്റക്കാരായി മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. യു.എസിൽ താമസിക്കുന്ന പഞ്ചാബികളുടെ ആശങ്കകൾ അറിയിക്കുന്നതിനായി വരും ദിവസങ്ങളിൽ തന്നെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. 

ലോകത്തിന്റെ ഏതുകോണിലുമുള്ള അവസരങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. ഇതിനുള്ള വിദ്യാഭ്യാസവും കഴിവും ആർജിക്കുകയും വേണം. എന്നാൽ, നിയമം അനുശാസിക്കുന്ന മാർഗങ്ങളിലൂടെ വേണം ഇതിനായി വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ പോകാനെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിദേശ വിദ്യാഭ്യാസത്തിനും മറ്റും പോകാൻ ഉദേശിക്കുന്നവർ ആദ്യം ഭാഷയിൽ ഉൾപ്പെടെ പ്രാവീണ്യം നേടണമെന്നും അദ്ദേഹം പറയുന്നു.

യു.എസിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭാ എം.പിയും ബി.സി.സി.ഐ. വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ലയും രംഗത്തെത്തിയിട്ടുണ്ട്. 7.25 ലക്ഷം ഇന്ത്യക്കാരെയാണ് അനധികൃത കുടിയേറ്റക്കാരായി യു.എസ് കണ്ടെത്തിയിരിക്കുന്നത്. വർഷങ്ങളായി അമേരിക്കയിൽ കഴിയുന്ന ആളുകളാണവർ. അവിടെ അവർ നന്നായി സമ്പാദിച്ചിരുന്നെങ്കിലും ഇന്ത്യയിൽ അവർക്ക് കാര്യമായ സമ്പാദ്യം ഉണ്ടാകാനിടയില്ല. സമ്പന്നതയിൽ നിന്ന് പെട്ടെന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ് ഇത്തരക്കാർക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.