പുഷ്പ-2 നിർമാതാക്കൾ തീയേറ്ററുകളെ വിലക്കെടുത്തിരിക്കുന്നെന്ന് നിർമാതാവ് വിക്രമാദിത്യ മോട്വാനെ. ഒറ്റ മൾട്ടിപ്ലക്സിൽ 36 പ്രദർശനംവരെ നടക്കുന്നു. ആദ്യ 10 ദിവസം മറ്റൊരു സിനിമയും പ്രദർശിപ്പിക്കരുതെന്ന നിർബന്ധിത കരാറിൽ പുഷ്പ നിർമാതാക്കൾ തീയേറ്റർ ഉടമകളെ എത്തിച്ചിരിക്കുകയാണെന്നും വിക്രമാദിത്യ ആരോപിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് മോട്വാനെ ഇക്കാര്യമറിയിച്ചത്. കരാർ തെറ്റിച്ചാൽ നിയമനടപടികളിലേക്ക് പോവേണ്ട അവസ്ഥയാണ് തീയേറ്ററുടമകൾക്കെന്നും അദ്ദേഹം പറഞ്ഞു.
ഗോൾഡൻഗ്ലോബിൽ നോമിനേഷൻ നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് തീയേറ്ററുകൾ ലഭിക്കാത്തതിൽ നേരത്തെ തന്നെ മോട്വാനെ പ്രതികരണവുമായി എത്തിയിരുന്നു. ഇത്തരത്തിൽ നിർമാതാക്കളുടെ നിർബന്ധിത കരാറിന് തീയേറ്റർ ഉടമകൾ എത്തുന്നത് നിരാശാജനകമാണെന്നും ഓരോ വമ്പൻ സിനിമകളും ഇത്തരത്തിലുള്ള കാരാറുകളിൽ ഏർപ്പെട്ടാൽ അത് സിനിമാ മേഖലയേത്തന്നെ തകർക്കുമെന്നും മോട്വാനെ പറഞ്ഞു.
പുഷ്പ 2 വിന് 36 ഷോകൾ ഒരു മൾട്ടിപ്ലക്സിൽ ലഭിച്ചതോടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ശ്വാസമെടുക്കാൻ പോലും കഴിഞ്ഞില്ലെന്നും ആസ്വാദകരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമായിരുന്നു മോട്വാനെയുടെ പ്രതികരണം. ബുക്മൈ ഷോയിലെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഈ വിമർശനം.