കൊച്ചി: തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്കെട്ടില് ഷൂട്ടിംഗ് സെറ്റില്‍ നിന്ന് വിരണ്ട് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. റോഡില്‍ നിന്ന് 200 മീറ്റര്‍ അകലെവെച്ച് പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തിരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഭൂതത്താന്‍കെട്ട് വനമേഖലയില്‍ ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്. പാപ്പാന്മാര് ആനയുടെ അടുത്തെത്തി പഴവും മറ്റു ഭക്ഷണവും നല്‍കിയശേഷം പുറത്തെത്തിച്ചു. പിന്നാലെ ആനയെ ലോറിയിലേക്ക് കയറ്റി നാട്ടിലേക്ക് തിരിച്ചു. ആന ആരോഗ്യവാനാണെന്ന് വനപാലക സംഘം അറിയിച്ചു.
രാവിലെ 6.30ന് വനംവകുപ്പിന്റെയും ആര്‍ആര്‍ടിയും നേതൃത്വത്തില്‍ നടത്തിയ തിരിച്ചിലില്‍ പുതുപ്പള്ളി സാധുവിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആനയെ കണ്ടെത്തുകയായിരുന്നു. ആന ഉള്‍വനത്തിലേക്ക് പോയിട്ടില്ലെന്ന് നേരത്തെ തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒന്നര കിലോമീറ്റര്‍ അകലെ കനാല്‍ ഉണ്ടെന്നും. ഇത് ആനയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തല്‍.
വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി വെള്ളിയാഴ്ച രാത്രിവരെ വനപാലകര്‍ കാടിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
അതേസമയം, ആന നേരത്തെയും ഇത്തരത്തില്‍ കാട് കയറിയതായാണ് പറയുന്നത്. അസമില്‍ വച്ച് കൂട്ടാനയുടെ ആക്രമണം ഭയന്നാണ് പുതുപ്പള്ളി സാധു അന്ന് കാട് കയറിയത്.
എന്നാല്‍ പേരുപോലെ ഒരു സാധുവാണ് ഈ 52 വയസുള്ള ഈ കൊമ്പന് എന്നാണ് എല്ലാവരും പറയുന്നത്. തൃശ്ശൂര്‍ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പില്‍ സ്ഥിര സാന്നിധ്യമാണ് സാധു. സിനിമ അഭിനയമാണ് ഇവനെ കൂടുതല്‍ പ്രശസ്തന്‍ ആക്കിയത്. തമിഴ്-തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ആനയെ അഭിനയിപ്പിക്കണം എങ്കില്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മതപത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തന് വര്‍ഗീസാണ് ആനയുടെ ഉടമ.