മലപ്പുറം: സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തി പി വി അന്‍വര്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ റിപ്പോര്‍ട്ട് വന്നശേഷം നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും നടപടിയില്ല. 32 ദിവസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടേത് വാശിപിടിച്ച തീരുമാനമാണെന്നും അന്‍വര്‍ തന്റെ പുതിയ രാഷ്ട്രീയ കൂട്ടായ്മയുടെ നയ വിശദീകരണ യോഗത്തില്‍ പറഞ്ഞു. 

സിപിഐ എവിടെ? കേരളത്തിലെ മുഴുവന്‍ പൊലീസ് വകുപ്പും ഭരിക്കുന്നത് അജിത് കുമാറാണ്. പൊലീസ് ആസ്ഥാനത്ത് അജിത് കുമാറിന്റെ സംഹാര താണ്ഡവമാണ്. എഡിജിപിയെ ഒരു കസേരയില്‍ നിന്ന് വേറെ കസേരയില്‍ ഇരുത്തിയിട്ട് ഒരു കാര്യവുമില്ലെന്നും അന്‍വര്‍ പറഞ്ഞു.

‘സര്‍ക്കാരിന്റെ മോശപ്പെട്ട പ്രവര്‍ത്തികളാണ് വിളിച്ചു പറഞ്ഞത്. നിര്‍വ്വഹിച്ചത് എന്റെ ഉത്തരവാദിത്തം. ഞാന്‍ ചൂണ്ടികാണിച്ച കാര്യങ്ങള്‍ സമൂഹത്തിന്റെ മുന്നിലുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും നേതൃത്വം നല്‍കിയ കള്ളക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിയായി നല്‍കിയത്. റിദാന്‍ വധക്കേസും മാമി തിരോധാന കേസും അടക്കം സര്‍ക്കാരിന് പരാതി നല്‍കി. പരാതി അന്വേഷിക്കാന്‍ എസ്‌ഐടിയെ നിയോഗിച്ചു. പൂരം കലക്കുകയും കലക്കിക്കുകയും ചെയ്തു. പിന്നില്‍ എജിഡിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ബിജെപിക്ക് സീറ്റ് വാങ്ങിക്കൊടുക്കാനുള്ള ഗൂഢാലോചന. അജിത് കുമാറിനെതിരായ സാമ്പത്തിക ക്രമക്കേടിലും അന്വേഷണമില്ല. അജിത് കുമാറിനെയും, പി ശശിയും തൊട്ടാല്‍ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഏക വ്യക്തി മുഖ്യമന്ത്രിയാണ്’, പി വി അന്‍വര്‍ പറഞ്ഞു.

‘ഞാന്‍ ചെന്നൈയില്‍ പോയതില്‍ എന്തൊക്കെ പുകിലാണ്. ഇന്നലെ പോയി എം കെ സ്റ്റാലിനെ കണ്ടു. ചെന്നൈയിലേക്ക് അല്ലാതെ ആര്‍എസ്എസിനെ കാണാന്‍ പോകണമായിരുന്നോ. ആര്‍എസ്എസ് കേന്ദ്രത്തിലാണ് പോയതെങ്കില്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുമായിരുന്നു. ഫാസിറ്റ് ശക്തികളെ അടുപ്പിക്കാത്തവരാണ് ഡിഎംകെ. എം കെ സ്റ്റാലിനെ കാണാന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് ഇന്ന് ചെന്നൈയില്‍ പോയി. എനിക്കെതിരെ സ്റ്റേറ്റ്‌മെന്റ് കൊടുക്കാനാണ് പോയത്. 80 ശതമാനം ഹൈന്ദവരുള്ള തമിഴ്‌നാട്ടില്‍ ബിജെപി നോട്ടയ്ക്ക് പുറകിലാണ്. ആ നേതാവിനെ ഞാന്‍ തിരഞ്ഞുപോകാതിരിക്കുമോ. ഇവിടെ ഒരു അത്താണി വേണ്ടെ. ഫാസിസത്തിന്റെ മറ്റൊരു മുഖം അതിനും കത്തിവെക്കാന്‍ ശ്രമിക്കുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ ഘടകകക്ഷികള്‍ക്ക് നിര്‍ലോഭം സീറ്റ് നല്‍കി. 9 സീറ്റ് കോണ്‍ഗ്രസിനും 2 സീറ്റും സിപിഐഎമ്മിനും നല്‍കി. എല്ലാവര്‍ക്കും സീറ്റ് നല്‍കി. കോയമ്പത്തൂരില്‍ ബിജെപി സാന്നിധ്യം ഉറക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ കോയമ്പത്തൂര്‍ സീറ്റ് ഡിഎംകെ ഏറ്റെടുത്ത് ദിണ്ടിഗല്‍ സീറ്റ് സിപിഐഎമ്മിന് നല്‍കി. എന്നിട്ട് ബിജെപി സംസ്ഥാന അധ്യക്ഷനെ പരാജയപ്പെടുത്തി. 40ല്‍ 40 സീറ്റും നേടി. അപ്പോള്‍ കേരളത്തില്‍ തൃശ്ശൂരില്‍ ബിജെപിക്ക് പരവതാനി വിരിച്ചുകൊടുത്തു. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പരവതാനി വിരിച്ചുകൊടുത്തത്. 

പൂരം കലക്കല്‍ എഡിജിപി നേരിട്ട് നിയന്ത്രിച്ചു. അതില്‍ അദ്ദേഹം അഭിമാനം കൊണ്ടു. ഞാന്‍ ഇവരുടെ മൂട്ടില്‍ നില്‍ക്കേണമോ. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനല്ല ഞാന്‍ സ്റ്റാലിന്റെ അടുത്തുപോയത്. സാമൂഹിക മുന്നേറ്റത്തിനായി ആശിര്‍വാദം തേടിപ്പോയതാണ്. രാഷ്ട്രീയ പാര്‍ട്ടിയല്ല. അനിതീക്കും അക്രമത്തിനും എതിരായ സാമൂഹിക മുന്നേറ്റമാണ് ഉദ്ദേശിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പെടാന്‍ പോവുകയാണ്. പാലക്കാട് ബിജെപിക്ക് നല്‍കി കഴിഞ്ഞു. ചേലക്കരയില്‍ ബിജെപി സിപിഐഎമ്മിന് വോട്ട് ചെയ്യും. അജിത് കുമാര്‍ അതും ഉറപ്പിച്ചു കഴിഞ്ഞു. അതാണ് രാഷ്ട്രീയ നെക്‌സസ്. പിന്നെ എന്ത് നീതിയാണ് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കളുണ്ട്. ഭീഷണിയുടെ വേലിക്കെട്ടുകള്‍ മറികടന്നാണ് ഈ വേദിയിലേക്ക് പലരും എത്തിയത്. സര്‍ക്കാര്‍ നിലപാടിനെതിരെ സത്യം തുറന്നു പറഞ്ഞാണ് മുന്നേറുന്നത്’, അന്‍വര്‍ പറഞ്ഞു.

പ്രതീക്ഷിക്കുന്നതിലും അപ്പുറത്താണ് നെക്‌സസിന്റെ വലിപ്പം. മാമിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അവിടെയാണ് നെക്‌സസ് പ്രവര്‍ത്തിക്കുന്നത്. റിഥാന്‍ ബസില്‍ കൊലക്കേസിലും ദുരൂഹത ബാക്കിയാണ്. പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിഥാന് അറിയാമായിരുന്നു. സുജിത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറത്തു ക്രിമിനല്‍ സംഘം ഉണ്ടായിരുന്നു. ഡാന്‍സാഫില്‍ സുജിത് ദാസിന്റെ ഗുണ്ടകളായിരുന്നു. താനൂര്‍ കൊലപാതകം അട്ടിമറിച്ചു.

മലപ്പുറം ക്രിമിനലുകളുടെ നാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.അവരെ കൂടി മുഖ്യമന്ത്രി ക്രിമിനല്‍വല്‍ക്കരിക്കുകയാണ്. ഒരു മതത്തിലുള്ളവരെ മാത്രം മുഖ്യമന്ത്രി കുറ്റവാളിയാക്കുമ്പോള്‍ നാട്ടിലെ മതസൗഹാര്‍ദം തിരിച്ചറിയണം. തിരുത്താന്‍ പാര്‍ട്ടി തയ്യാറുണ്ടോ? വെല്ലുവിളിക്കുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളെല്ലാം അപരവല്‍ക്കരിക്കപ്പെട്ടു. കളവു പറയുന്നതിന് പരിധി വേണം. നിങ്ങള്‍ക്കു വേണ്ടിയാണ് ഈ പോരാട്ടം എന്നാണ് സഖാക്കളോട് പറയാനുള്ളത്.