ചോദ്യപേപ്പർ ചോർന്ന വിഷയത്തില്‍ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
ചോദ്യപേപ്പർ വിതരണത്തില്‍ വീഴ്ച്ചകളുണ്ടായിരിട്ടുണ്ടെങ്കില്‍ അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ചോദ്യങ്ങള്‍ ചോർന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഒക്ടോബറില്‍ നടത്തിയ യോഗത്തില്‍ എസ്.സി.ഇ.ആർ.ടി. ഡയറക്ടർ സമർപ്പിച്ച രേഖകളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കപ്പെടണമെന്ന് ശുപാർശ ചെയ്തിരുന്നു.
സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സെന്ററുകളില്‍ പഠിപ്പിക്കുന്നതും അന്വേഷണ വിധേയമാക്കും. ചില അധ്യാപകർ പകുതി സമയം സ്‌കൂളിലും പകുതി സമയം ട്യൂഷൻ ക്ലാസിലുമാണെന്ന് മന്ത്രി പറഞ്ഞു. ഇതും ഗൗരവത്തോട് കൂടി തന്നെ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു