കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ 11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തത്. തുടര്‍ നടപടിക്കായി അന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വെച്ച് കഴിഞ്ഞ മാസം ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്നായിരന്നു പരാതി. രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളായ പതിനൊന്ന് പേര്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് കാട്ടിയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി അനാട്ടമി വിഭാഗം മേധാവിയെ ചെയര്‍മാനായി നിയോഗിച്ച് കമ്മറ്റിക്കും രൂപം നല്‍കിയിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ പതിനൊന്ന് പേരെ പ്രിന്‍സിപ്പല്‍ സസ്പെന്‍റ് ചെയ്തത്. ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ കഴിഞ്ഞ ദിവസം കോളേജിലേക്ക് വിളിച്ചു വരുത്തിയിരുന്നു.

അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. റാഗിംഗ് ഉള്‍പ്പെടെയുള്ള പ്രവണതകള്‍ തടയനായി നേരത്തെ നാല് സുരക്ഷാ ജീവനക്കാരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രത്യേകം നിയമിച്ചിരുന്നു. റാഗിംഗ് സംബന്ധിച്ച പരാതിയില്‍ നിയമാനുസൃത നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ ജി സജിത് കുമാര്‍ അറിയിച്ചു.