ഡല്‍ഹി: ഹരിയാനയിലെ പരാജയത്തിൽ രൂക്ഷപ്രതികരണവുമായി രാഹുൽ ഗാന്ധി. കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് നേതാക്കന്മാരുടെ സ്വാർത്ഥതമൂലമാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുർ ഖാർഗെ അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചുചേർത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഹരിയാനയിലെ നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്.

കെ.സി. വേണുഗോപാല്‍, അജയ് മാക്കൻ, അശോക് ഗെഹ്ലോത്, ദീപക് ബാബറിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ തന്റെ ഊഴം എത്തുന്നതുവരെ മൗനം അവലംബിച്ച രാഹുല്‍ തന്റെ ഊഴം വന്നതോടെ ശക്തമായ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനും (ഇ.വി.എം) തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാജയത്തിന്റെ കാരണം പറയേണ്ടതെന്നായിരുന്നു ആദ്യത്തെ കമന്റ്. ഉറപ്പായിരുന്ന വിജയത്തെ തട്ടിക്കളഞ്ഞത് ഹരിയാണയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എന്നായിരുന്നു രാഹുലിന്റെ രണ്ടാമത്തെ പരാമർശം. 

അതേസമയം പരസ്പരം പോരടിക്കുന്നതിലാണ് അവർ ശ്രദ്ധിച്ചതെന്നും പാർട്ടിയെക്കുറിച്ച്‌ ആരും ചിന്തിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി എന്നും അത്രയും പറഞ്ഞ് രാഹുല്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയെന്നും റിപ്പോർട്ടുണ്ട്.