പാർലമെൻ്റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധി എം പിക്കെതിരെ കേസ്. ബിജെപി എംപി നല്‍കിയ പരാതിയിൽ ദില്ലി പൊലീസാണ് കേസെടുത്തത്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി.
അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടിയത്. രാവിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ഇതേ സമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ മാര്‍ച്ചുമായി ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചു കയറിയതോടെ ഉന്തും തള്ളുമായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം വര്‍ധിച്ചു. സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റു. രാഹുല്‍ ഗാന്ധി തൊഴിച്ചിട്ടെന്ന് എംപിമാര്‍ ആരോപിച്ചു. പരിക്കേറ്റ എംപിമാരെ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.