ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിക്കാനായി മൂന്ന് നാല് തവണ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു. തിങ്കളാഴ്ച ലോക്‌സഭയിലാണ് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്. പിന്നാലെ പ്രതികരണവുമായി ജയശങ്കറും രം​ഗത്തെത്തി. യുഎസ് സന്ദര്‍ശനത്തെ കുറിച്ച് രാഹുല്‍ ​ഗാന്ധി പറഞ്ഞത് സത്യമല്ലെന്നും രാഹുലിന്റെ പ്രസ്താവന വിദേശത്ത് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും വിദേശകാര്യമന്ത്രി എക്‌സില്‍ കുറിച്ചു.

ഇന്ത്യയുടെ നില മെച്ചപ്പെട്ടിരുന്നെങ്കിൽ യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നേരിട്ട് ക്ഷണം ലഭിക്കുമായിരുന്നു. മൂന്ന് നാല് തവണ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അയക്കേണ്ടി വരുമായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു. എന്നാൽ, രാഹുലിന്റെ പരാമർശം ജയശങ്കർ തള്ളി. 

ബൈഡൻ ഭരണകൂടത്തിലെ സുരക്ഷാ ഉപദേഷ്ടാവുമായും സ്റ്റേറ്റ് സെക്രട്ടറിയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടിയാണ് താന്‍ പോയതെന്നും ട്രംപിന്റെ ക്ഷണം ഉറപ്പാക്കാനല്ലെന്നും എസ്. ജയശങ്കര്‍ കുറിപ്പില്‍ വിശദമാക്കി. രാഹുല്‍ ഗാന്ധിയുടേത് രാഷ്ട്രീയപരാമര്‍ശമായിരിക്കാമെങ്കിലും രാജ്യത്തിന്റെ വിലകളയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബോധപൂര്‍വം തെറ്റായ പ്രസ്താവന നടത്തിയെന്നും ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും ഇന്ത്യൻ പ്രധാനമന്ത്രി ഇത്തരം പരിപാടികളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കുറിച്ചു.