കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിറിൻ്റെ മരണത്തിൽ അനുശോചിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മിഹിർ
റാഗിങ്ങിലൂടെ അനുഭവിച്ചത് ഒരു കുട്ടിക്കും സഹിക്കാന്‍ പറ്റാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണം ഹൃദയഭേദകമെന്നും ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും രാഹുല്‍ഗാന്ധി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
“ആള്‍ക്കൂട്ട പീഡനത്തെ നിഷ്‌കളങ്കമായി കാണാന്‍ പറ്റില്ല. ഒരുപക്ഷെ, അത് ജീവന്‍തന്നെ നഷ്ടപ്പെടുത്തിയേക്കാം. ദയയേക്കുറിച്ചും സ്‌നേഹത്തേക്കുറിച്ചും സഹാനുഭൂതിയേക്കുറിച്ചുമൊക്കെ രക്ഷിതാക്കള്‍ കുട്ടികളോട് തുറന്ന് സംസാരിക്കണം. മിഹിറിൻ്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”
രാഹുല്‍ഗാന്ധി എക്സ് പോസ്റ്റിൽ പറഞ്ഞു.
മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ കൊച്ചിയിലെ ജെംസ് മോഡേൺ അക്കാദമി വൈസ് പ്രിൻസിപ്പലിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മിഹിർ നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആയിരുന്നു ബിനു അസീസ്.